കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകും; ജൂണ്‍ ഒമ്പതുവരെ കനത്ത മഴയ്ക്ക് സാധ്യത

single-img
5 June 2018

തിരുവനന്തപുരം: ബുധനാഴ്ചയോടെ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജൂണ്‍ ഒമ്പതുവരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന് ശക്തികൂടും. കടലും പ്രക്ഷുബ്ധമാകും. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എട്ടാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിന് സമീപം ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ ഫലമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ കാലവര്‍ഷം തുടക്കത്തില്‍ മന്ദഗതിയിലാണ്. 20.35 ശതമാനം കുറവ് മഴയാണ് ഇതുവരെ രേഖപ്പെടുത്തിയത്. 58.3 മില്ലീമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് 46.43 മില്ലീമീറ്റര്‍ മാത്രമാണ് പെയ്തത്. വരും ദിവസങ്ങളില്‍ ഈ കുറവ് പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.