രാജ്യത്ത് പ്രത്യേക തരത്തിലുള്ള ഏകസംസ്‌കാരവാദം പിടിമുറുക്കുന്നു; ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ആര്‍ച്ച് ബിഷപ്പ്

single-img
5 June 2018

പനാജി: കേന്ദ്രത്തിനെതിരേ ഗോവ ബിഷപ്പിന്റെ ഇടയലേഖനം. ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണന്നും രാജ്യത്ത് ഏകസംസ്‌കാര വാദം പിടിമുറുക്കുന്നുവെന്നും ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ പറഞ്ഞു. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് ഇതിനെതിരേ വിശ്വാസികള്‍ രംഗത്തുവരണമെന്ന തരത്തിലുള്ള പരാമര്‍ശമുള്ളത്.

രാഷ്ട്രീയത്തില്‍ വിശ്വാസത്തില്‍ ഉറച്ചുനിന്നുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തണമെന്നും മനസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു. സ്തുതിപാഠകരുടെ രാഷ്ട്രീയമാണിതെന്നും അത് ഇല്ലാതാക്കണമെന്നും പറയുന്നുണ്ട്.

ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും മെച്ചപ്പെടുത്തണം. അഴിമതിക്കും അനീതിക്കും എതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും, ഭരണഘടനയുടെ സംരക്ഷണത്തിനായി വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നുണ്ട്.

വികസനത്തിന്റെ പേരില്‍ ജനങ്ങള്‍ തങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരക്കപ്പെടുന്നുവെന്നും ബിഷപ്പ് പറയുന്നു. അടുത്തിടെ ഭക്ഷണം, വേഷം, ജീവിതം, ആരാധന തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപം കൊണ്ടുവരാനുള്ള പ്രവണത രാജ്യത്ത് ഉയര്‍ന്നുവരുന്നുണ്ട്. ഇത് ഒരുതരത്തിലുള്ള ഏകസംസ്‌കാരവാദമാണെന്നും ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോയുടെ ഇടയലേഖനം പറയുന്നു.