നിപ ഭീഷണി ഒഴിയുന്നു; തുടര്‍ച്ചയായ അഞ്ചാംദിവസവും പുതിയ രോഗബാധയില്ല; നിപയുടെ മറവില്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ക്ക് തീവെട്ടിക്കൊള്ള

single-img
5 June 2018

വളരെ ശുഭകരമായ വാര്‍ത്തയാണ് വരുന്നത്. കഴിഞ്ഞദിവസം പതിനെട്ടുപേരുടെ സാംപിള്‍ പരിശോധിച്ചു. എല്ലാം നെഗറ്റീവ്. ചികില്‍സയിലുള്ള രണ്ടുപേരും പൂര്‍ണമായും രോഗം ഭേദമായി ആശുപത്രി വിടാനൊരുങ്ങുന്നു. നിരീക്ഷണത്തിലുള്ളവര്‍ക്കും ആശങ്കപ്പെടേണ്ടതായൊന്നുമില്ല.

കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഒരാള്‍ക്കും നിപ്പ സ്ഥിരീകരിക്കാത്തത് രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ തെളിവാണെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം. നിപ്പ പ്രതിരോധത്തിനായി ഓസ്‌ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് തല്‍ക്കാലം പ്രയോഗിക്കില്ല. പുതിയ രോഗികളെത്തിയാല്‍ മാത്രം മരുന്ന് ഉപയോഗിച്ചാല്‍ മതിയെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.

രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ള രണ്ടുപേരുടെയും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. മലേഷ്യയില്‍ നിന്നെത്തിയ റിബാ വൈറിനാണ് ഇവര്‍ക്ക് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് തല്‍ക്കാലം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. മരുന്ന് പ്രയോഗിക്കുന്നതിനും തുടര്‍ നടപടിക്കുമായി മൂന്ന് വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടമുണ്ട്.

അതേസമയം നിപ്പ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. ഞായറാഴ്ച വീണ്ടും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് കലക്ടറേറ്റില്‍ അവലോകന യോഗം ചേരും. ആളുകളുടെ ഭീതി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍ഗണന. സംശയം ചോദിച്ച് വിളിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിപ്പബാധിതര്‍ക്കുള്ള സൗജന്യ റേഷന്‍ കിറ്റ് വൈകിട്ടോടെ വീടുകളിലെത്തിച്ച് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പത്ത് കിലോ അരി പഞ്ചസാര തുടങ്ങിയ അവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. അതിനിടെ നിപയുടെ ഭീതിയില്‍ മാസ്‌ക്ക് വില്‍പ്പന പൊടിപൊടിക്കുമ്പോള്‍ തോന്നിയ വിലയാണ് മെഡിക്കല്‍ ഷോപ്പുകള്‍ ഈടാക്കുന്നത്.

കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന എന്‍ 95 മാസ്‌ക്കിന് കോഴിക്കോട് നഗരത്തില്‍ 80 രൂപ മുതല്‍ മുകളിലോട്ടാണ് വില. എന്നാല്‍ ഒരേ കമ്പനിയുടെ മാസ്‌ക്കിന് പരമാവധി വിലയിലും 45 രൂപ വരെ മെഡിക്കല്‍ ഷോപ്പുകള്‍ അധികം ഈടാക്കുന്നുണ്ടെന്നും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സാധാരണ മാസ്‌ക്കുകളുടെ വില്‍പ്പനയിലും ചൂഷണമുണ്ട്. മൂന്നും നാലും രൂപയ്ക്ക് വില്‍ക്കാവുന്ന മാസ്‌ക്കിന് വില ഏഴ് രൂപ വരെയാണ്.