വാട്‌സാപ്പ് കുടുംബഗ്രൂപ്പില്‍ ചിത്രം ഷെയര്‍ ചെയ്തു; യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

single-img
5 June 2018

വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ തല്ലിക്കൊന്നു. ഹരിയാനയിലെ സോനിപ്പത്തിലാണു സംഭവം. ലവ് എന്ന യുവാവാണ് (20) കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ലവിന്റെ സഹോദരന്‍ അജയുടെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.

ചിത്രങ്ങള്‍ കണ്ടതിനു പിന്നാലെ ശിഖ കോളനിവാസിയും ഗ്രൂപ്പ് അംഗവുമായ ദിനേഷ് ഇരുവരെയും വീട്ടിലേക്കുവിളിപ്പിച്ചു. വീട്ടില്‍വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇരുമ്പുവടികളും ഇഷ്ടികക്കട്ടയുമുപയോഗിച്ച് ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് മര്‍ദിച്ചതെന്ന് സഹോദരന്‍ അജയ് പറഞ്ഞു.

അത്താഴത്തിനു ശേഷമെടുത്ത ചില ചിത്രങ്ങള്‍ അറിയാതെ വാട്‌സാപ്പില്‍ പങ്കുവയ്ക്കപ്പെടുകയായിരുന്നെന്നു അജയ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അജയ് പരുക്കുകളോടെ ആശുപത്രിയിലാണ്. ദിനേശിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.