ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

single-img
5 June 2018

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. കാംപെല്ലിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗസയിലെ റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍ നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ആദരമര്‍പ്പിച്ചത്. ‘റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററില്‍ കുറിച്ചു.

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയില്‍, ആരോഗ്യ മേഖലയില്‍നിന്നുള്ള ആദ്യ രക്തസാക്ഷിയായ ലിനിക്ക് ലോകപ്രശസ്ത വാരികയായ ദി ഇക്കണോമിസ്റ്റ് പുതിയ ലക്കത്തില്‍ ആദരമര്‍പ്പിച്ചിരുന്നു. മരണക്കിടക്കയില്‍ നിന്ന് ഭര്‍ത്താവ് സജീഷിന് എഴുതിയ വികാരനിര്‍ഭരമായ കത്തുള്‍പ്പെടെയായിരുന്നു ഇക്കണോമിസ്റ്റിലെ ഓര്‍മക്കുറിപ്പ്.

ഇതാദ്യമായാണ് ഒരു മലയാളി ഈ പംക്തിയില്‍ പരാമര്‍ശിക്കപ്പെട്ടത്. പേരാമ്പ്രയില്‍ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ലിനി. രോഗം ബാധിച്ച് എത്തിയ മുഹമ്മദ് സാബിത്തിനെ പരിചരിച്ചത് ലിനിയായിരുന്നു.

ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച ഇരുപതുകാരിയാണ് റസാന്‍ അല്‍ നാജാര്‍. ഗാസയില്‍ സമരക്കാരായ പാലസ്തീനികളുടെ മുറിവില്‍ മരുന്ന് പുരട്ടാനായി തെരുവിലൂടെ ഓടവെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ആ കുഞ്ഞു മാലാഖ വിടപറഞ്ഞത്. ഗാസ പട്ടണമായ ഖാന്‍ യൂനുസ് തെരുവിലാണ് അവള്‍ അവസാനശ്വാസം വലിച്ചത്.

സലോമി കര്‍വ ആഫ്രിക്കയില്‍ എബോള വൈറസിനെതിരെ പോരാടിയ ധീര വനിത. എബോള രോഗബാധയില്‍നിന്നു സ്വയം മുക്തി നേടിയാണ് എബോള പോരാട്ടത്തിനായി സലോമി മുന്നിട്ടിറങ്ങിയത്. എന്നാല്‍ പ്രസവാനന്തമുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് 2017ല്‍ സലോമി മരിക്കുകയായിരുന്നു.