ജസ്‌നക്കായി വനമേഖലകളില്‍ പൊലീസ് തിരച്ചില്‍ തുടങ്ങി: ഒരു ലക്ഷത്തോളം ഫോണ്‍കോള്‍ പരിശോധിച്ചു

single-img
5 June 2018

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌നക്കായി എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളില്‍ പൊലീസ് തിരച്ചില്‍ തുടങ്ങി. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് തിരച്ചില്‍. 10 സ്‌ക്വാഡുകളായി തിരിഞ്ഞാണ് തിരച്ചില്‍. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള പൊലീസുകാരാണ് സംഘത്തില്‍ ഉള്ളത്.

ഒരു ഡി.വൈ.എസ്.പി. അഞ്ച് സി.ഐമാര്‍ എന്നിവരും സംഘത്തിലുണ്ട്. എരുമേലിയില്‍ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജസ്‌ന അവസാനമായി യാത്ര ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്

അതേസമയം ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് സൈബര്‍ വിദഗ്ധരും വനിതാ സിഐയും അടക്കം 15 അംഗ സംഘം തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ഊര്‍ജിതമായി അന്വേഷിക്കുകയാണെന്ന് പി.സി. ജോര്‍ജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ലക്ഷത്തോളം ഫോണ്‍കോള്‍ പരിശോധിച്ചു. എല്ലാ സംസ്ഥാനത്തെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കി. ബംഗളൂരു, മൈസൂരു, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.