മനുഷ്യര്‍ക്കൊപ്പം മറ്റൊരു ഭീഷണിയും ഗാലപ്പഗോസ് ദ്വീപുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു

single-img
5 June 2018

ജൈവവൈവിധ്യത്തിന്റെ ഖനിയാണ് ചാള്‍സ് ഡാര്‍വിന്റെ പേരിനാല്‍ പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകള്‍. ലോകത്ത് മറ്റൊരിടത്തും കാണാത്ത 1300 തരം ജീവികളെ ഗാലപ്പഗോസില്‍ മാത്രം കണ്ടെത്തിയിട്ടുണ്ട്. പൈതൃകപ്രദേശമായി യുനെസ്‌കോ പ്രഖ്യാപിച്ചിട്ടുള്ള ദ്വീപാണ് ഇത്. ഇക്വഡോറില്‍ നിന്ന് 906 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഗാലപ്പഗോസ് ദ്വീപിന്റെ 97 ശതമാനം പ്രദേശവും മനുഷ്യരെ കടത്താതെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുകയാണ്.

എന്നാല്‍ ടൂറിസത്തിന്റെ പേരില്‍ വലിയ തോതില്‍ ആളുകള്‍ ഇവിടേക്ക് വരുന്നുണ്ട്. മനുഷ്യസാന്നിധ്യം ഭീഷണിയായതിനെത്തുടര്‍ന്ന് അതു സംബന്ധിച്ച അപകടത്തെപ്പറ്റി യുഎന്‍ 2007ല്‍ വ്യക്തമാക്കിയിരുന്നു. 1979ല്‍ ശരാശരി പ്രതിവര്‍ഷം 12,000 പേര്‍ വന്ന സ്ഥാനത്ത് ഇന്ന് ഗാലപ്പഗോസ് ദ്വീപുകളിലേക്ക് ഓരോ വര്‍ഷവും എത്തുന്നത് മൂന്നു ലക്ഷം പേരാണ്. മനുഷ്യര്‍ക്കൊപ്പം മറ്റൊരു ഭീഷണിയും ഈ ദ്വീപിനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. മറ്റൊന്നുമല്ല പ്ലാസ്റ്റിക്.

ദ്വീപില്‍ മനുഷ്യന്‍ എത്തിപ്പെടാത്തയിടങ്ങളില്‍ നിന്ന് പോലും പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തി എന്നാണ് അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ പറയുന്നത്. ഒരു ബീച്ചിലെ 25 മീറ്റര്‍ വരുന്ന പ്രദേശത്തു നിന്നു മാത്രം 156 പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകളാണു ലഭിച്ചത്. പ്ലാസ്റ്റിക് തുണ്ടുകളാണ് ഗാലപ്പഗോസില്‍ കാണപ്പെടുന്ന ഒരു തരം കുരുവികള്‍ കൂടുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. സീലുകള്‍ കടലിന്നടിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കടിച്ചുപിടിച്ച ചിത്രങ്ങളും പ്രചരിക്കുകയാണ്.

ദ്വീപില്‍ പക്ഷേ പ്ലാസ്റ്റിക് ഉപയോഗം തീര്‍ത്തും വിലക്കിയിട്ടുള്ളതാണ്. ദ്വീപിലേക്ക് അധികമാരും പ്ലാസ്റ്റിക് കൊണ്ടുവരുന്നില്ലെന്നതാണു സത്യം. കടല്‍ത്തീരത്തു നിന്നു കണ്ടെത്തിയ കുപ്പികളിലെയും മറ്റും എഴുത്ത് ശ്രദ്ധിച്ചപ്പോള്‍ അത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നു വ്യക്തമാകുകയും ചെയ്തു.

ഏതെങ്കിലും കപ്പലില്‍ നിന്ന് പുറന്തള്ളിയ മാലിന്യം ദ്വീപിലേക്ക് അടിഞ്ഞതാണോ എന്നും പരിശോധിക്കുന്നുണ്ട്. യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സിറ്ററിലെ ഗവേഷകര്‍ ദ്വീപിനു സമീപത്തെ തിരമാലകളുടെ പാറ്റേണും കടലിലെ അടിയൊഴുക്കുകളുടെ സഞ്ചാരപാതയും വിശകലനം ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് എവിടെ നിന്ന് ഒഴുകിയെത്തി എന്നറിയുകയാണു ലക്ഷ്യം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്കുകളും ദ്വീപില്‍ നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ പരിസ്ഥിതി സംഘടനകള്‍ ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു.