എടപ്പാള്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: സഭയില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

single-img
5 June 2018

തിരുവനന്തപുരം: എടപ്പാളിലെ തീയേറ്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈനെ അറിയിച്ച തീയേറ്റര്‍ ഉടമയെ പോലീസ് കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ശ്രദ്ധക്ഷണിക്കലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയില്‍ അവതരിപ്പിച്ചത്.

തിയേറ്റര്‍ പീഡനം പുറത്തുകൊണ്ടുവരാന്‍ മുന്‍കൈ എടുത്തയാളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. എന്നാല്‍, വിഷയത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല അറസ്റ്റ് നടന്നതെന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ നിയമ വശം പരിശോധിച്ച് നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മന്ത്രിക്ക് നേരിട്ട് നടപടി എടുക്കാമെന്നും പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാമെന്നും മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തനിക്കറിയാമെന്ന് ചെന്നിത്തല വ്യക്തമാക്കി.

എന്നാല്‍ നിലപാടില്‍ നിന്ന് മാറാന്‍ മുഖ്യമന്ത്രി തയാറാകാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.