തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് ശരിയായ രീതിയിലല്ല: ഐജിക്കും എസ്പിക്കും ഡിജിപിയുടെ ശാസന

single-img
5 June 2018

തിരുവനന്തപുരം: എടപ്പാള്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ റേഞ്ച് ഐ.ജിക്കും മലപ്പുറം എസ്.പിക്കും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ശാസന. അറസ്റ്റ് ശരിയായ രീതിയിലല്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങിലും സംഭവത്തെക്കുറിച്ച് വിമര്‍ശനമുണ്ടായി.

സംഭവത്തില്‍ പൊലീസിലെ സംഘടനകളും അതൃപ്തി രേഖപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചല്ല അറസ്റ്റെന്നാണ് പ്രാഥമിക വിവരം. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി ഉചിതമോ എന്നു നിയമപരമായി പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.

അതേസമയം, തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍, മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍, കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

എടപ്പാളിലെ മള്‍ട്ടിപ്ലെക്‌സ് തീയേറ്ററില്‍ അമ്മയുടെ പിന്തുണയോടെ ബാലികയെ രണ്ടര മണിക്കൂറോളം മദ്ധ്യവയസ്‌കന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവം അറിയിക്കാന്‍ വൈകിയെന്ന് ആരോപിച്ചാണ് തീയേറ്ററിന്റെ ഉടമസ്ഥന്‍ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്ന പൊലീസാണ് ഇപ്പോള്‍ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്.