പെട്രോള്‍, ഡീസല്‍ വില വര്‍ധനയെക്കുറിച്ച് ധനമന്ത്രിയോട് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍ ഇടപെട്ടു: നിയമസഭയില്‍ പ്രതിഷേധം

single-img
5 June 2018

പെട്രോള്‍, ഡീസല്‍ വില വര്‍ധനയെക്കുറിച്ച് പ്രതിപക്ഷനേതാവ് നിയമസഭയിലുന്നയിച്ച ചോദ്യത്തിനിടെ സ്പീക്കര്‍ ഇടപെട്ടതിനെച്ചൊല്ലി നിയമസഭയില്‍ ബഹളം. ചോദ്യം ചോദിക്കാനുള്ളത് സഭാംഗങ്ങളുടെ അവകാശമാണെന്നും ചോദ്യത്തിനു മുന്നില്‍ സ്പീക്കര്‍ അസ്വസ്ഥനാകുന്നത് എന്തിനെന്നും ചെന്നിത്തല ചോദിച്ചു.

മുന്‍പ് യുഡിഎഫ് അംഗം എന്‍.എ നെല്ലിക്കുന്ന് സംസാരിച്ചപ്പോഴും സ്പീക്കര്‍ ഇടപെട്ടെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് സ്പീക്കര്‍ക്ക് അസ്വസ്ഥതയാണെന്നും ചെന്നിത്തല പറഞ്ഞു. ഒരു അംഗത്തിനുള്ള അവകാശമാണ് സ്പീക്കര്‍ ചോദ്യംചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തുടര്‍ന്ന് ചോദ്യം നിര്‍ത്തിവെച്ച് അദ്ദേഹം സീറ്റില്‍ ഇരുന്നു.

ചോദ്യം നീണ്ടുപോകുന്നതിനാലാണ് ഇടപെട്ടതെന്നും ചെന്നിത്തലയോട് ചോദ്യം തുടരാനും സ്പീക്കര്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ചെന്നിത്തല വീണ്ടും സംസാരം തുടര്‍ന്നത്. ഇനിയും നികുതി കുറയ്ക്കുമോ എന്ന ചോദ്യത്തിന്, പെട്രോള്‍, ഡീസല്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞതായി ധനമന്ത്രി തോമസ് ഐസക് മറുപടി നല്‍കി.

അതേസമയം നിപ്പ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം തടയാന്‍ സര്‍ക്കാരിനാകുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. ഇത് സഭ 12.30ന് ചര്‍ച്ച ചെയ്യും