അജു വര്‍ഗീസ് ‘വടി കൊടുത്ത് അടിവാങ്ങി’

single-img
5 June 2018

ഫെയ്‌സ്ബുക്ക് തുറക്കാന്‍ പറ്റില്ല. കുത്തിപ്പൊക്കല്‍ കലാപരിപാടിയാണ് എവിടെയും. സാധാരണക്കാര്‍ മാത്രമല്ല ഈ കുത്തിപ്പൊക്കലില്‍ പങ്കാളികളായിട്ടുള്ളത്, സിനിമാ, രാഷ്ട്രീയ പ്രവര്‍ത്തകരും സുഹൃത്തുക്കളുടെ ചിത്രങ്ങളും പഴയ പോസ്റ്റുകളും കുത്തിപ്പൊക്കിക്കൊണ്ടിരിക്കുകയാണ്.

പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. മമ്മൂട്ടിയുടെ പഴയ ഒരു പോസ്റ്റ് കുത്തിപ്പൊക്കിയായിരുന്നു മലയാളത്തില്‍ ഇതിന് തുടക്കമായത്.

‘ഫ്രണ്ട്‌സ്, പോക്കിരിരാജയെ കുറിച്ച് എന്താണ് അഭിപ്രായം’എന്ന അദ്ദേഹത്തിന്റെ പോസ്റ്റാണ് ചിലര്‍ കുത്തിപ്പൊക്കിയത്. പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, വിനുമോഹന്‍, ആസിഫ് അലി, ജയസൂര്യ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇരയായി.

എന്നാല്‍ കൂട്ടത്തില്‍ അജു വര്‍ഗീസ് ഒരു പടി മുമ്പേ കടന്നു. ആരെങ്കിലും തന്റെ പോസ്റ്റ് കുത്തിപ്പൊക്കുന്നതിന് മുമ്പ് സ്വയം ആ ദൗത്യം അജു ഏറ്റെടുത്തു. തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കേണ്ട, ഞാന്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് പഴയ ചിത്രങ്ങള്‍ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്തു.

പിന്നീട് അജുവിന് കുത്തിപ്പൊക്കലായിരുന്നില്ല നേരിടേണ്ടി വന്നത്. ട്രോളര്‍മാര്‍ അജുവിനെ ഏറ്റെടുത്തു. സ്വയം കുത്തിപ്പൊക്കിയ ചിത്രങ്ങള്‍ വച്ച് തലങ്ങും വിലങ്ങും ട്രോളുകള്‍. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി അജു.