യുവനേതാക്കള്‍ അധികാരമോഹികളെന്ന് വയലാര്‍ രവി; വൃദ്ധരാകുമെന്ന് ചെറുപ്പക്കാര്‍ ഓര്‍ക്കണം

single-img
4 June 2018

യുവനേതാക്കള്‍ പിജെ കുര്യനെതിരെ രംഗത്തുവന്നത് സ്ഥാനം മോഹിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. വൃദ്ധരാകുമെന്ന് ചെറുപ്പക്കാര്‍ ഓര്‍ക്കണം. പി.ജെ.കുര്യനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നത്. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യന്‍.

ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്. കുര്യന് ആദ്യം സീറ്റു വാങ്ങി നല്‍കിയത് താനാണ്. ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവരല്ല. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ കരുത്ത്. സിപിഎമ്മിനെപ്പോലെ കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.

ഇതിലും വലിയ ഗ്രൂപ്പുകള്‍ എഴുപതുകളില്‍ ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും രവി പറഞ്ഞു. അതേസമയം, പി.ജെ കുര്യനെതിരെ എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമായേക്കും.

അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ മാറാന്‍ തയാറാണെന്ന് പി.ജെ.കുര്യന്‍. ഇതുവരെ പദവികള്‍ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെന്നാണ് എഐസിസി നിര്‍ദ്ദേശം.