പ്രതിപക്ഷ ബഹളം: ആദ്യദിനം തന്നെ നിയമസഭ ‘അടിച്ചു പിരിഞ്ഞു’

single-img
4 June 2018

തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാനക്കൊല ഉയര്‍ത്തിയുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തക്ക് പിരിഞ്ഞു. കെവിന്റെ മരണത്തെ കുറിച്ച് സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയമാണ് സഭയെ ബഹളത്തിലാഴ്ത്തിയത്.

കെവിന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച അടിയന്തിര പ്രമേയം അവതരിപ്പിച്ചു. കെവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കെവിന്റെത് പോലീസിന്റെ പിന്തുണയോടുള്ള ദുരഭിമാനക്കൊലയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പൊലീസ് ഗുരുതര വീഴ്ച വരുത്തി. സ്റ്റേഷനില്‍ നീനുവിനെ അച്ഛന്‍ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ല. കൊലയാളി സംഘത്തില്‍ രണ്ട് ഡിവൈഎഫ്‌ഐക്കാരുണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പ്രമേയത്തില്‍ ആരോപിച്ചു.

അതേസമയം കെവിന്റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. അതുകൊണ്ട് കോണ്‍ഗ്രസാണ് കൊന്നതെന്ന് പറയുമോ?. ഇതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. പൊലീസിന്റെ വീഴ്ചയില്‍ നടപടിയുണ്ടാകും.

മുന്‍മുഖ്യമന്ത്രിയടക്കം സ്റ്റേഷനിലെത്തിയത് അന്വേഷണം ആവശ്യപ്പെട്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു അത്. എന്നാല്‍ അതിലെ രാഷ്ട്രീയം ജനം മനസിലാക്കി. അതാണ് ചെങ്ങന്നൂര്‍ വിജയം നല്‍കുന്ന സൂചനയെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ആദ്യഘട്ടത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. ഈ പൊലീസുകാര്‍ക്കെതിരെയും നടപടിയെടുത്തു. എന്നാല്‍ നടപടി അതില്‍ അവസാനിച്ചു എന്നു കരുതേണ്ട. കൊലയാളി കൊലയാളിയാണ്. അവരുടെ രാഷ്ട്രീയം നോക്കേണ്ടതില്ല.

പ്രതികളുമായി ബന്ധം ഉള്ള വേറെ പലരും ഉണ്ട്. അസഹിഷ്ണുത കൂടുതല്‍ ആയതു കൊണ്ട് താനത് പറയുന്നില്ല. കെവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. പൊലീസിന്റെ വീഴ്ചയിലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

അതേസമയം കെവിന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. വിജയ് സാഖറെയെ നിയോഗിച്ചത് അട്ടിമറിക്കാനാണെന്നാണ് ആരോപണം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ബഹളത്തിനിടയിലും സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പരിഞ്ഞു.