അത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കും; എന്നാല്‍ എന്റെ ചിന്ത വ്യത്യസ്തമാണ്’; രജനികാന്തിന്റെ പ്രസ്താവനയെ കുറിച്ച് കമല്‍ഹാസന്‍

single-img
4 June 2018

ഓരോ ചെറിയ കാര്യത്തിന്റെ പേരിലും സമരം ആരംഭിച്ചാല്‍ തമിഴ്‌നാട് ശ്മശാനമായി മാറുമെന്ന നടന്‍ രജനീകാന്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍. അത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കും. എന്നാല്‍ എന്റെ ചിന്ത വ്യത്യസ്തമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്ത ജനതയെ വെടിവെപ്പിലൂടെ അടിച്ചമര്‍ത്തുകയും സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത പൊലീസിനേയും ഭരണകൂടത്തെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. ചില സാമൂഹ്യവിരുദ്ധര്‍ ഇതിനിടയില്‍ കടന്നുകൂടിയെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല.

പൊലീസിന് നേരെ ആക്രമണം നടത്തിയതിലും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതിലും അത്തരമൊരു പങ്ക് കാണേണ്ടിയിരിക്കുന്നു. എന്നാല്‍ പ്രതിഷേധിക്കുന്ന ജനങ്ങളെയൊന്നടങ്കം സാമൂഹ്യവിരുദ്ധരായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ഞാന്‍ ഗാന്ധിയില്‍ നിന്നാണ് പാഠം ഉള്‍ക്കൊള്ളുന്നത്. ഞാന്‍ ഗാന്ധിയുടെ വിദ്യാര്‍ത്ഥിയാണ്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം മരിച്ച ശേഷമായിരുന്നു എന്റെ ജനനം. പ്രതിഷേധങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു സ്വഭാവം ഉണ്ടാകും. ആ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് നമ്മള്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണം.

കത്തിയും വാളും തോക്കും ഉപയോഗിച്ചുള്ള പ്രതിഷേധമായിരിക്കരുത് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. വെടിയുണ്ട നമുക്ക് നേരെ അടുക്കുമ്പോള്‍ അതിനെ തുറന്ന മനസോടെ നേരിടണം. അത് തന്നെയായിരുന്നു നമ്മള്‍ തൂത്തുക്കുടിയില്‍ കണ്ടത്. അത് ഏറ്റവും നല്ല വഴിയാണ്.

അതില്‍ അക്രമം കടന്നുകൂടിയാല്‍ അത് കുറയ്ക്കണം. നമ്മുടെ പ്രതിഷേധങ്ങള്‍ അതില്‍ അലിഞ്ഞ് ഇല്ലാതായിപ്പോവരുത്. നീതി ലഭിക്കാതെ തൂത്തുക്കുടി ജനത പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. ജനവാസ മേഖലയിലെ പ്ലാന്റിനെതിരായ നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സമരത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 17 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.