കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള സഭയിലെത്തിയത് മാസ്‌കും ഗ്‌ളൗസും ധരിച്ച്; രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

single-img
4 June 2018

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതിഷേധവുമായി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. മാസ്‌കും ഗ്ലൗസും ധരിച്ചാണ് എംഎല്‍എ സഭയിലെത്തിയത്. ഇത് ഭരണ-പ്രതിപക്ഷ ബഹളത്തിനിടയായി.

സര്‍ക്കാരും ജനങ്ങളും ഗൗരവത്തോടെ കാണുന്ന വിഷയത്തെ മാസ്‌ക് ധരിച്ച് സഭയിലെത്തിയതിലൂടെ പാറക്കല്‍ അബ്ദുള്ള അപഹസിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും മാസ്‌ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അദ്ദേഹത്തിനു നിപ വൈറസ് ബാധ ഉണ്ടെങ്കില്‍ സഭയില്‍ വരാന്‍ പാടില്ല എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

എന്നാല്‍ കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മാസ്‌ക് ധരിച്ചതെന്നും പാറക്കല്‍ അബ്ദുള്ള തിരിച്ചടിച്ചു. കോഴിക്കോട് ഇപ്പോള്‍ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത് എന്നതിനാല്‍ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ന്യായീകരിച്ചു. ഇതോടെ ഭരണ- പ്രതിപക്ഷം വാക്കേറ്റം രൂക്ഷമായി.