കെ മുരളീധരന്‍ യുഡിഎഫ് കണ്‍വീനറായേക്കും; കെപിസിസി അധ്യക്ഷനാകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
4 June 2018

പിജെ കുര്യനെതിരേയുളള യുവനേതാക്കളുടെ വിമര്‍ശനം ശക്തമായിരിക്കെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ സമൂലമായ മാറ്റത്തിന് കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നതായി സൂചന. ചെങ്ങന്നൂരില്‍ പരാജയപ്പെട്ടതും ജെഡിയു മുന്നണി വിട്ടതും മാറ്റം വേണമെന്നതിന് അനുകൂല ഘടമാണ്.

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് കെ മുരളീധരനും, കെപിസിസി അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പളളി രാമചന്ദ്രനും എത്തുമെന്നാണ് സൂചന. ഘടകകക്ഷികളുമായി മികച്ച ബന്ധം പുലര്‍ത്തുന്നതാണ് കെ മുരളീധരനെ ഹൈക്കമാന്‍ഡ് യുഡിഎഫ് കണ്‍വീനറാക്കുന്നതിനു പരിഗണിക്കാനുള്ള കാരണം.

മുസ്ലീം ലീഗിനും കെ മുരളീധരന്‍ സ്വീകാര്യനാണ്. എ കെ ആന്റണിയെ പോലെയുള്ള ചില മുതിര്‍ന്ന നേതാക്കള്‍ ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. പാര്‍ട്ടിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ തന്നെ മികച്ച രീതിയില്‍ പൂര്‍ത്തിയാതാക്കിയതാണ് മുല്ലപ്പളളി രാമചന്ദ്രന് ഗുണകരമാകുന്നത്.

കെപിസിസി അധ്യക്ഷനായി മുല്ലപള്ളിയെ നിയമിച്ചാല്‍ സമുദായ നേതാക്കളെയും പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിന് സാധിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ ചിന്ത. അതേസമയം ഹൈക്കമാന്‍ഡിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം മോശമാണെന്ന് അഭിപ്രായമുണ്ട്. പക്ഷേ തത്കാലത്തേക്ക് രമേശ് ചെന്നിത്തലക്ക് തുടരാന്‍ അനുവദിക്കുമെന്നാണ് വിവരം.