കോടിക്കണക്കിന് രൂപയുടെ ഫണ്ട് തിരിമറി നടത്തിയെന്ന് ആരോപണം; കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുരുക്കില്‍

single-img
4 June 2018

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അഴിമതി ആരോപണം. എം.പി.എല്‍.എ.ഡി പദ്ധതിക്കായി അനുവദിച്ചിരിക്കുന്ന ഫണ്ടില്‍ സ്മൃതി ഇറാനി തിരിമറി നടത്തിയെന്നാണ് ആരോപണം. ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് ചവ്ധയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

എം.പി.എല്‍.എ.ഡി പദ്ധതിക്ക് കീഴില്‍ ലഭിച്ച ഫണ്ട് അവര്‍ ദുരുപയോഗം ചെയ്തു. ലഭിച്ച ഫണ്ട് എന്തിന് വേണ്ടി ഉപയോഗിക്കണമെന്നാണോ നിര്‍ദേശിച്ചിരിക്കുന്നത് അത് ലംഘിച്ചുകൊണ്ട് അനധികൃതമായി തുക തിരിമറി നടത്തുകയായിരുന്നു.

മാത്രമല്ല തങ്ങളുടെ അടുപ്പക്കാരെ കരാര്‍ ജോലി ഏല്‍പ്പിക്കാന്‍ സ്മൃതി ഇറാനിയും അവരുടെ സ്റ്റാഫും നിര്‍ബന്ധിച്ചതിന് തെളിവുകളുമുണ്ട്’ അമിത് ചവ്ധ ആരോപിച്ചു. 4.8 കോടി രൂപ റീഫണ്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ ആനന്ദ് ജില്ലാ മജിസ്‌ട്രേറ്റ് സ്മൃതി ഇറാനിയുടെ പ്രതിനിധിക്ക് അയച്ച കത്തും ചവ്ധ പുറത്തുവിട്ടിട്ടുണ്ട്.

എം.പി.എല്‍.എ.ഡി പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന 50 ലക്ഷം രൂപയില്‍ കൂടുതലുള്ള കരാറുകള്‍ ഒരു ഗ്രൂപ്പിന് മാത്രമായി നല്‍കാന്‍ നിയമമില്ല. എന്നാല്‍ നിയമം ലംഘിച്ച് സ്മൃതി തന്റെ അടുപ്പക്കാരനായ കോര്‍പ്പറേറ്റുകള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണെന്നുമാണ് ആരോപണം.

ഇത്തരത്തില്‍ നിരവധി തവണയാണ് ഈ കോര്‍പ്പറേറ്റ് കമ്പനിക്ക് കരാര്‍ കൈമാറിയിട്ടുള്ളത്. ഇതിന് പുറമെ 2017 ജൂണ്‍ മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ ജോലികള്‍ സമയബന്ധിതമായി തീര്‍ത്തിട്ടുമില്ല. പദ്ധതികള്‍ പലതും ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇതിന്റെയൊക്കെ തുക പൂര്‍ണമായും കമ്പനിക്ക് നല്‍കിയിട്ടുമുണ്ട്.

2017 ജൂലൈയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി താന്‍ സമര്‍പ്പിച്ചിരുന്നുവെന്ന് ചധ്വ പറഞ്ഞു. ഇതിന് പിന്നാലെയാണ് 4.8 കോടി രൂപ സ്മൃതി ഇറാനിയുടെ പ്രതിനിധിയായ ശര്‍ദ മജൂറിനോട് റീഫണ്ട് ചെയ്യാനും കോടതി ഉത്തരവിട്ടത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ സ്മൃതി ഇറാനി തയ്യാറായിട്ടില്ല.