ഗ്വാട്ടിമാലയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ച് 25 മരണം

single-img
4 June 2018

ഫ്യൂഗോ അഗ്‌നിപര്‍വത വിസ്‌ഫോടനത്തെ തുടര്‍ന്നു ഗ്വാട്ടിമാലയില്‍ 25 മരണം. 20 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്നു പുറത്തു വന്ന ചാരവും പാറക്കഷ്ണങ്ങളും നിറഞ്ഞതിനാല്‍ ഗ്വാട്ടിമാല ദേശീയ വിമാനത്താവളം അടച്ചു. ഈ വര്‍ഷം രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ അഗ്‌നിപര്‍വത സ്‌ഫോടനമാണിത്.

ഫ്യൂഗോ അഗ്‌നിപര്‍വതത്തിന്റെ തെക്കന്‍ മേഖലയില്‍ താമസിക്കുന്ന കര്‍ഷകരാണ് കൊല്ലപ്പെട്ടതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വെളിച്ചക്കുറവിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും മരിച്ചവര്‍ക്കായുള്ള തിരച്ചിലും തടസപ്പെടുന്നതായും ദുരന്തനിവാരണ സേന അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സമീപ നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശവും രാജ്യത്തുടനീളം ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ദുരിത ബാധിത മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ അന്വേഷിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി നൂറിലധികം പോലീസിനെയും സൈന്യത്തെയും റെഡ് ക്രോസ് ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അധികാരികള്‍ അറിയിച്ചു.