എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവം; തീയേറ്ററുടമ അറസ്റ്റില്‍

single-img
4 June 2018

മലപ്പുറം: എടപ്പാളില്‍ പത്ത് വയസുകാരി തിയേറ്ററില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ തിയേറ്ററിന്റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ ഗോവിന്ദ തിയേറ്ററിന്റെ ഉടമസ്ഥന്‍ സതീശിനെയാണ് അറസ്റ്റ് ചെയ്തത്. പീഡന വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റവും ചുമത്തിയാണ് അറസ്റ്റ്.

പൊലീസിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദുബായില്‍ ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയായിരുന്നു മലപ്പുറം എടപ്പാളില്‍ സിനിമാതിയേറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചത്. തിയേറ്ററിലെ നൈറ്റ് വിഷന്‍ കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡനം സതീഷിന്റെ ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കാതെ സതീഷ് മലപ്പുറം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ഇതാണ് പൊലീസിനെ ചൊടിപ്പിച്ചത് എന്നാണ് വിവരം. ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ അന്ന് കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

സംഭവത്തില്‍ ചൈല്‍ഡ് ലൈനെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന. പൊലീസുമായി ഇവര്‍ സഹകരിച്ചില്ല എന്നാണ് കണ്ടെത്തല്‍. ഏപ്രില്‍ 18നാണ് സിനിമ തിയറ്ററില്‍വച്ച് പത്തുവയുകാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ഏകദേശം നാല്‍പത് വയസുള്ള സ്ത്രീ, പത്ത് വയസ് തോന്നിക്കുന്ന കുട്ടിയുമായി പ്രതിയുടെ ബെന്‍സ് കാറിലാണ് തിയേറ്ററിലെത്തിയത്.

ഫസ്റ്റ് ഷോയ്ക്ക് മുന്‍നിരയില്‍ ബാലികയ്ക്കും അമ്മയ്ക്കും നടുവിലിരുന്ന പ്രതി കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്ന കുട്ടി പലപ്പോഴും പ്രതിയുടെ കൈ തട്ടിമാറ്റുന്നുണ്ട്.

ഇതിനിടയില്‍ അമ്മയെയും പ്രതി ലൈംഗികമായി ഉപയോഗിച്ചു. അമ്മയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുന്ന പ്രതി കൂടുതല്‍ സമയവും കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് മനസിലായിട്ടും സ്ത്രീ പ്രതികരിക്കുന്നില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.