ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറുപോലെ: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ചിദംബരം

single-img
4 June 2018

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മുന്ന് ടയറുകള്‍ പഞ്ചറായ കാറുപോലെയെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. ഇന്ധനവിലവര്‍ധനവുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മഹാരാഷ്ട്രയിലെ താനെയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയുടെ നാല് എന്‍ജിനുകളാണ് സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സര്‍ക്കാര്‍ ചെലവുകള്‍ എന്നിവ. ഇവ കാറിന്റെ ടയറുകള്‍ പോലെയാണ്. ഇതില്‍ ഒന്നോ രണ്ടോ ടയറുകള്‍ പഞ്ചറായാല്‍ വളര്‍ച്ച പതിയെ ആകും. എന്നാല്‍ നമ്മുടെ സാഹചര്യത്തില്‍ മൂന്നു ടയറുകളും പഞ്ചറായി.

സര്‍ക്കാരിന്റെ ധനവിനിയോഗം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ താങ്ങി നിര്‍ത്തുന്നതെന്നും ചിദംബരം പറയുന്നു. ആരോഗ്യ രംഗത്തും പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മാത്രമാണ് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കില്‍ പെട്രോളിനും ഡീസലിനും എന്തിനേറെ എല്‍പിജിക്കുപോലും തുടര്‍ന്നും കൂടിയ നികുതി ഈടാക്കിക്കൊണ്ടേയിരിക്കും. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും ചിദംബരം പറഞ്ഞു.

അടുത്തിടെയായി വൈദ്യുതി മേഖലയില്‍ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപം ഉണ്ടായിട്ടുണ്ടോ? പാപ്പരായ 10 പ്രധാനപ്പെട്ട കമ്പനികളില്‍ അഞ്ചെണ്ണം സ്റ്റീല്‍ കമ്പനികളാണ്. ഇത്തരം വ്യവസായങ്ങളില്‍ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ?’ ചിദംബരം ചോദിച്ചു.

അഞ്ച് സ്ലാബ് ജിഎസ്ടി കൊണ്ടുവന്ന കേന്ദ്ര നടപടിയെയും ചിദംബരം വിമര്‍ശിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം ജിഎസ്ടി എന്ന ഒറ്റ നികുതി സംവിധാനം മാത്രമേയുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ട്. അഞ്ച് സ്ലാബ് ജിഎസ്ടിയല്ല ഞങ്ങള്‍ വിഭാവനം ചെയ്തത്, ചിദംബരം കൂട്ടിച്ചേര്‍ത്തു.