‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി’; ഫെയ്‌സ്ബുക്ക് ലൈവില്‍ അപര്‍ണയെ അസഭ്യം പറഞ്ഞയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് അസകര്‍ അലി

single-img
4 June 2018

നടിമാരെ ചീത്ത വിളിച്ചും അസഭ്യം പറഞ്ഞും സോഷ്യല്‍മീഡിയയില്‍ കമന്റുകളിടുന്നത് പുതിയ കാര്യമല്ല. ഒട്ടുമിക്ക നടിമാരും ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരകളായിട്ടുള്ളവരാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അപര്‍ണ ബാലമുരളി. അപര്‍ണയോട് മോശമായി സംസാരിച്ചയാള്‍ക്ക് മറുപടി നല്‍കിയത് നടന്‍ അസ്‌കര്‍ അലിയാണ്.

അസ്‌കറും അപര്‍ണയും ഒന്നിച്ച് അഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലൈവില്‍ എത്തിയതായിരുന്നു ഇരുവരും. ഇതിന് താഴെയായിട്ടാണ് അപര്‍ണയ്ക്ക് നേരെ ഒരാള്‍ അസഭ്യം പറഞ്ഞത്. കമന്റ് കൂടിയപ്പോള്‍ അതിന് മറുപടി പറയാന്‍ അസ്‌കര്‍ വീണ്ടും ലൈവില്‍ വന്നു.

‘മലയാളികള്‍ക്ക് നല്ലൊരു സംസ്‌കാരമുണ്ട്. എന്നാല്‍ അത് കളയുന്ന രീതിയിലുള്ള കമന്റ്‌സ് വന്നാല്‍ പുതിയ മലയാളി ആണ്‍കുട്ടികള്‍ക്ക് പെട്ടന്ന് ദേഷ്യം വരും. അതുകൊണ്ടാണ് ലൈവില്‍ ഒന്നുകൂടെ വരാന്‍ കാരണം. ഒരുത്തന്‍ കമന്റ് ചെയ്തു, ‘നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി’..ഒരിക്കലും പെണ്‍കുട്ടികളെ അധിക്ഷേപിക്കരുത്.

ഇങ്ങനെ ചെയ്യുന്നവരെ കയ്യില്‍ കിട്ടിയാല്‍ തല്ലുകയാണ് പതിവ്. നമ്മുടെ മുന്നില്‍ വന്നാല്‍ അത് ചെയ്യേണ്ട കാര്യമാണ്. നിനക്കതിന് അഭിനയിക്കാന്‍ അറിയുമോടി ശവമേ എന്നാണ് വേറൊരാളുടെ കമന്റ്. വീട്ടിലുള്ള എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന്‍ വിളിക്കൂമോ? നീ ഓര്‍ക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാല്‍ മോശമാകും.

സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാര്‍ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക. ഞാന്‍ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധമുണ്ട്. നമ്മള്‍ പ്രതികരിക്കണം. സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം. എന്നാല്‍ അതില്‍ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്.

നമുക്ക് പരിചയമില്ലാത്ത പെണ്‍കുട്ടികളെ എടി എന്നൊക്കെ വിളിക്കുന്നത് ചുട്ട അടികൊള്ളാത്തതുകൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉള്ളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചു പറയേണ്ടതും കേരളത്തിലെ ആണ്‍പിള്ളേരുടെ സംസ്‌കാരമാണ്.’അസ്‌കര്‍ പ്രതികരിച്ചു.