കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്; വിപണിയില്‍ പഴം, പച്ചക്കറി ഉല്‍പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധന: മോദി സര്‍ക്കാരിന് ഒരു കുലുക്കവുമില്ല

single-img
4 June 2018

ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്ത കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്. ഗുജറാത്തിലെ ഒരു വിഭാഗം കര്‍ഷകര്‍ കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭയും നാളെ മുതല്‍ ഉപരോധസമരത്തിലേക്ക് കടക്കുകയാണ്.

സമരത്തെ തുടര്‍ന്ന് വിപണിയില്‍ പഴം, പച്ചക്കറി ഉല്‍പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയുണ്ടായി. ആദ്യ രണ്ടു ദിവസങ്ങളിലും ലഭ്യതക്കുറവ് വിപണികളിലുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ അതു പ്രകടമായി. ഉല്‍പന്നവരവു കുറഞ്ഞതോടെ ചില്ലറ കച്ചവടക്കാര്‍ വില ഇരട്ടിയാക്കി.

പാവയ്ക്ക, വെണ്ടയ്ക്ക, കോളിഫ്‌ലവര്‍ എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്. കൂടുതല്‍ പഴം, പച്ചക്കറി കര്‍ഷകരും വലിയ തോതിലുള്ള കാര്‍ഷികോല്‍പന്ന വിപണികളുമുള്ള നാസിക്കില്‍ ഇന്നലെയും ശക്തമായ പ്രതിഷേധം തുടര്‍ന്നു. സഹകരണ സംഘങ്ങള്‍ ക്ഷീരകര്‍ഷകരില്‍ നിന്നു പാല്‍ എടുക്കാതെ പ്രതിഷേധത്തിന്റെ ഭാഗമായി.

പലയിടങ്ങളിലും കര്‍ഷകര്‍ റോഡില്‍ പാലൊഴുക്കിയും കാര്‍ഷികോല്‍പന്നങ്ങള്‍ വിതറിയും പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചും സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും കിസാന്‍ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നേതൃത്വത്തില്‍ കര്‍ഷകര്‍ 10 ദിവസത്തെ സമരം ആരംഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 22 സംസ്ഥാനങ്ങളില്‍ സമരം ശക്തമാണ്.

നഗരങ്ങളിലേയ്ക്ക് പഴവും പച്ചക്കറിയും പാലും കൊണ്ടു വരുന്നത് തടഞ്ഞാണ് കര്‍ഷക സമരം. മധ്യപ്രദേശില്‍ 19 കര്‍ഷകരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒന്‍പത് കേസുകള്‍ രജിസ്തര്‍ ചെയ്തിട്ടുണ്ട്. പൊലീസ് വെടിവയ്പ്പില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട മന്ദ് സോറില്‍ ബുധനാഴ്ചത്തെ കര്‍ഷകറാലി കണക്കിലെടുത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

15,000 പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 18 ജില്ലകളില്‍ സംഘര്‍ഷസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതിനിടെ കര്‍ഷകസമരം മാധ്യമ ശ്രദ്ധ നേടാനാണെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് ആരോപിച്ചു. ഇതിനെതിരെ സമരസമിതിയും കോണ്‍ഗ്രസും രംഗത്ത് എത്തി. കര്‍ഷകരോടുള്ള ബിജെപി നിലപാട് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് പറഞ്ഞു.