വൈകിയെത്തിയതിനാല്‍ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചില്ല; 28കാരന്‍ ആത്മഹത്യ ചെയ്തു

single-img
4 June 2018

പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ചതിന് 28 കാരന്‍ ആത്മഹത്യ ചെയ്തു. യുപിഎസ്‌സിയുടെ (യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കെത്തിയ വരുണ്‍ എന്ന ഉദ്യോഗാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്.

ഡല്‍ഹി രാജേന്ദ്ര നഗറില്‍ ഇന്നലെയായിരുന്നു സംഭവം. പരീക്ഷക്കായി എത്തിയ വരുണ്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശനമായ പരിശോധനക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തിവിട്ടിരുന്നത്. വൈകി വന്നു എന്ന കാരണത്താലാണ് വരുണിനെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത്.

”നിയമങ്ങള്‍ നല്ലതാണ്, പക്ഷേ അല്‍പം കരുണ കാണിക്കണം.” എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് വരുണിന്റെ മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ജൂണ്‍ 3 നായിരുന്നു രാജ്യത്തുടനീളം യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നടത്തിയിരുന്നത്.