കര്‍ഷകപ്രക്ഷോഭത്തില്‍ പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും വില കുതിച്ചുകയറി; സമരം മാദ്ധ്യമശ്രദ്ധ നേടാനുള്ള കര്‍ഷകരുടെ വേല മാത്രമാണെന്ന് കേന്ദ്ര കൃഷിമന്ത്രി

single-img
3 June 2018

കര്‍ഷകപ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് രാജ്യം. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ നൂറിലധികം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും വില കുതിച്ചുകയറി. ഉള്ളി, ഉരുളക്കിഴങ്ങ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വില അഞ്ചിരട്ടിയോളം വര്‍ധിച്ചു.

പഞ്ചാബിലും ഹരിയാനയിലും പാല്‍, പച്ചക്കറി വിതരണകേന്ദ്രങ്ങള്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു. മൊത്തവിപണിയിലേക്കുള്ള പച്ചക്കറിവരവ് പകുതിയായി കുറഞ്ഞു. ചില്ലറവിപണയില്‍ ആവശ്യത്തിന് സ്റ്റോക്കുള്ളതിനാല്‍ രണ്ടുദിവസത്തേക്ക് ഡല്‍ഹിയിലും മുംബൈയിലും പ്രതിസന്ധിയുണ്ടാകില്ലെന്നാണ് സൂചന. ഈ മാസം പത്താം തീയതിവരെയാണ് പ്രക്ഷോഭം.

അതിനിടെ സമരത്തെ പരിഹസിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്. സമരം മാദ്ധ്യമ ശ്രദ്ധ നേടാനുള്ള കര്‍ഷകരുടെ വേല മാത്രമാണെന്ന് മന്ത്രി പരിഹസിച്ചു. പ്രസ്താവന വിവാദമായതോടെ മന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

മന്ത്രിയുടെ പ്രസ്താവന അനവസരത്തില്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമരത്തെ അവഹേളിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും രംഗത്തെത്തി. ഒരു പ്രശ്നവും ഇവിടെ ഇല്ലെന്നും സമരം അനാവശ്യമാണെന്നും ഖട്ടര്‍ പറഞ്ഞു. സമരം ചെയ്താല്‍ കര്‍ഷകര്‍ക്ക് തന്നെയായിരിക്കും നഷ്ടമെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മഹാരാഷ്ട്രയില്‍ വരാനിരിക്കുന്നത് വന്‍കര്‍ഷകസമരങ്ങളായിരിക്കുമെന്ന മുന്നറിയിപ്പുമായി അഖിലേന്ത്യ കിസാന്‍സഭ. ആദ്യഘട്ടമെന്ന നിലയിലാണ് സര്‍ക്കാര്‍ ഓഫീസ് സ്തംഭനവും, ഹൈവേ ഉപരോധവും സംഘടിപ്പിക്കുക. എന്നാല്‍, മറ്റൊരു ലോങ്മാര്‍ച്ച് ഉടനെയുണ്ടാകില്ലെന്നും കിസാന്‍സഭ ദേശീയഅധ്യക്ഷന്‍ അശോക് ധാവ്‌ളെ പറഞ്ഞു.