നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടും തുടരും

single-img
3 June 2018

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്ന് വീണ്ടുമാരംഭിക്കും. ചെന്നൈയിൽ നിന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി സംഘത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. നേരത്തെ പരിശോധിച്ച വവ്വാലുകളില്‍ നിപ വൈറസില്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും പരിശോധന നടത്തുന്നത്.

നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനായി പന്തിരിക്കരയില്‍ നിന്നും സമീപപ്രദേശമായ ജാനകികാട്ടില്‍ നിന്നും ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഈ വവ്വാലുകളല്ല നിപ വൈറസിന്റെ ഉറവിടം എന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ സംഘം പരിശോധന നടത്തുക. സമയമെടുത്തുള്ള പരിശോധനയിലൂടെ മാത്രമേ നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താനാകൂ.

നിലവില്‍ നിപ വൈറസ് രോഗലക്ഷണങ്ങളോടെ 29 പേരാണ് ചികിത്സയിലുള്ളത്. നിപ നേരത്തെ സ്ഥിരീകരിക്കുകയും പിന്നീട് പരിശോധനഫലം നെഗറ്റീവാവുകയും ചെയ്ത രണ്ട് പേരുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്.