പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നു മാറിനില്‍ക്കാമെന്ന് പി.ജെ. കുര്യന്‍: പുതുമുഖങ്ങള്‍ വരട്ടെയെന്ന് കെ.സുധാകരന്‍

single-img
3 June 2018

കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടും സ്വയം ഒഴിഞ്ഞുനില്‍ക്കാന്‍ മനസില്ലാതെ മുതിര്‍ന്ന നേതാവ് പി.ജെ.കുര്യന്‍. രാജ്യസഭയിലേക്കു മത്സരിക്കുന്നതില്‍നിന്നു പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാമെന്നാണ് മൂന്നുവട്ടം തുടര്‍ച്ചയായി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പി.ജെ.കുര്യന്റെ വാദം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടതു വന്‍ തോല്‍വിയാണ്. ഈ തോല്‍വിയില്‍ പാര്‍ട്ടി പരിശോധന നടത്തണം. പാര്‍ട്ടിയിലെ യുവനേതാക്കളുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. യുവാക്കളുടെ അവസരത്തിനു താന്‍ തടസമാകില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരരംഗത്തുനിന്നു മറിനില്‍ക്കാന്‍ തയാറാണെന്ന് പി.ജെ.കുര്യന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസില്‍ അഴിച്ചു പണി അത്യാവശ്യമാണെന്നും രാജ്യസഭയിലേയ്ക്ക് പുതുമുഖത്തെ അയക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡിന് ഇക്കാര്യത്തില്‍ വ്യക്തമായ പദ്ധതിയുണ്ട്. അതേസമയം, യുവനേതാക്കള്‍ പാര്‍ട്ടി വിമര്‍ശനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും അഭിപ്രായം രേഖപ്പെടുത്തേണ്ടതു പാര്‍ട്ടി ഫോറങ്ങളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, എംഎല്‍എമാരായ വി.ടി. ബല്‍റാം, ഷാഫി പറമ്പില്‍, റോജി ജോണ്‍, ഹൈബി ഈഡന്‍, അനില്‍ അക്കര എന്നിവരാണ് രാജ്യസഭയിലേക്ക് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യമുയര്‍ത്തി രംഗത്തെത്തിയത്. രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു.

മരണം വരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഉണ്ടാകണമെന്നു നേര്‍ച്ചയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസിന്റെ ശാപമാണെന്നു റോജി എം. ജോണ്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, മാത്യു കുഴല്‍നാടന്‍, ടി.സിദ്ദിഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരിലൊരാളെ പരിഗണിക്കണമെന്നായിരുന്നു ബല്‍റാമിന്റെ ആവശ്യം.