കെ.എം മാണിയെ തള്ളി സിപിഎം: മാണിയുടെ പിന്നാലെ പോകേണ്ട കാര്യമില്ലെന്ന് കോടിയേരി

single-img
3 June 2018

കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി ഉള്‍പ്പെടെ ആരുടെയും പിന്നാലെ പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയും മാണിയെ തള്ളിപ്പറയാത്ത നിലപാടായിരുന്നു സിപിഎമ്മിന്റേത്. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ മനംമാറ്റം.

എസ്എന്‍ഡിപിയുമായി സിപിഎമ്മിന് നല്ല ബന്ധമാണെന്നും ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി നല്ല മാതൃക സ്വീകരിച്ചുവെന്നും കോടിയേരി പറഞ്ഞു. ബിഡിജെഎസും എന്‍എന്‍ഡിപിയും രണ്ടാണ്. ബിഡിജെഎസ് ബിജെപി രൂപീകരിച്ച പാര്‍ട്ടിയാണ്. ബിഡിജെഎസിനെ അംഗീകരിക്കാനാവില്ല.

ചെങ്ങന്നൂരില്‍ ചില മാധ്യമങ്ങള്‍ യുഡിഎഫിന്റെ ഘടകകക്ഷികളെപ്പോലെ പ്രവര്‍ത്തിച്ചു. ലോക്‌സഭാ സീറ്റ് നഷ്ടപ്പെടുമ്പോള്‍ ആര്‍എസ്പി പാഠം പഠിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച തീരുമാനിക്കുമെന്നും ഇതിന് സിപിഎം സെക്രട്ടേറിയറ്റിനെ ചുമതലപ്പെടുത്തിയെന്നും കോടിയേരി അറിയിച്ചു.

ഇടതുമുന്നണിയുടെ രണ്ടു രാജ്യസഭാ സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിനാണു സിപിഐയുടെ പ്രഥമ പരിഗണന. ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ സിപിഎം സജീവമായി പരിഗണിക്കുന്നു.

പി.ജെ.കുര്യന്‍ (കോണ്‍ഗ്രസ്), സി.പി.നാരായണന്‍ (സിപിഎം), ജോയ് ഏബ്രഹാം (കേരള കോണ്‍ഗ്രസ്) എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്.