കെവിന്റെ സാമ്പത്തിക ചുറ്റുപാട് കല്യാണത്തിനെതിരായ എതിര്‍പ്പിനു കാരണമായി; ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തി: നീനുവിന്റെ മൊഴി

single-img
3 June 2018

കോട്ടയം: കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റേത് ദുരഭിമാനക്കൊലയെന്ന് ഭാര്യ നീനുവിന്റെ മൊഴി. കെവിന്റെ സാമ്പത്തിക ചുറ്റുപാടും ജാതിയെ ചൊല്ലിയുമാണ് കല്യാണത്തിന് വീട്ടുകാര്‍ എതിര്‍പ്പുയര്‍ത്തിയത്. എന്നിട്ടും താന്‍ ബന്ധത്തില്‍ നിന്നും പിന്മാറാത്തതാണ് കൊലയ്ക്ക് കാരണമെന്നും നീനുവിന്റെ മൊഴിയില്‍ പറയുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന കേസിലെ രണ്ടാം പ്രതി നിയാസിന്റെ മൊഴി നീനു തള്ളി. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞത് പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമെന്ന് നീനു മൊഴി നല്‍കി. നീനു വിളിച്ചപ്പോള്‍ കെവിന്‍ രക്ഷപ്പെട്ട വിവരം അറിയിച്ചുവെന്നാണ് നിയാസ് അന്വേഷണ സംഘത്തോട് പറഞ്ഞത്.

പൊലീസ് സ്റ്റേഷനിലെത്തിയ ശേഷം അനീഷിന്റെ ഫോണില്‍ നിന്നാണ് നീനു നിയാസിനെ വിളിച്ചത്. വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും കെവിനെ വിട്ടയക്കണമെന്നും അനീഷിന്റെ നിര്‍ദേശപ്രകാരം നീനു നിയാസിനെ അറിയിച്ചു. എന്നാല്‍ ലാഘവത്തോടെയാണ് നിയാസ് മറുപടി നല്‍കിയതെന്നും നീനു മൊഴി നല്‍കി.

അതേസമയം കെവിന്‍ കൊലക്കേസില്‍ മുങ്ങിമരണത്തിനും മുക്കിക്കൊലയ്ക്കും തുല്യസാധ്യത നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുങ്ങിമരണമെന്നു സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ഏറെയും. ശരീരത്തിലെ മുറിവുകളുടെ സ്വഭാവമാണു സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നത്. വിദഗ്ധ അഭിപ്രായത്തിനായി മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടാന്‍ പൊലീസ് തീരുമാനിച്ചു.

ശ്വാസകോശത്തില്‍ വെള്ളംകയറിയാണു കെവിന്റെ മരണം സംഭവിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തം. ശ്വാസകോശത്തിന്റെ ഒരു പാളിയില്‍നിന്നു 150 മില്ലിലീറ്ററും അടുത്തതില്‍നിന്നു 120 മില്ലിലീറ്ററും വെള്ളം ലഭിച്ചു. മുങ്ങിമരണം അല്ലെങ്കില്‍ അബോധവസ്ഥയിലായ കെവിനെ പുഴയില്‍ തള്ളി എന്ന രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്.

തെന്‍മലയ്ക്കു സമീപം ചാലിയേക്കര പുഴയിലാണു കെവിന്റെ മൃതദേഹം കണ്ടെത്തിയത്. 16 മുറിവുകളാണു കെവിന്റെ ശരീരത്തിലുള്ളത് ഇതൊന്നും പക്ഷേ, മരണത്തിനിടയാക്കുന്നതല്ല. നെഞ്ചിലോ അസ്ഥികള്‍ക്കോ ഒടിവോ ചതവോ ഇല്ല. ആന്തരികാവയവങ്ങള്‍ക്കും പരുക്കില്ല.

സ്വാഭാവിക മുങ്ങിമരണമെന്നു കരുതാന്‍ കാരണം ഇതൊക്കെയാണ്. എന്നാല്‍ വലതു കണ്ണിന്റെ മുകളിലേറ്റ ക്ഷതം ഉള്‍പ്പെടെയുള്ള പരുക്കുകള്‍ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ചൂണ്ടുന്നു. കണ്ണിലേറ്റ ഇടിയുടെ ആഘാതത്തില്‍ ബോധക്ഷയം സംഭവിക്കാന്‍ സാധ്യത ഏറെയുണ്ട്. കൂടാതെ നിലത്തുകൂടെ വലിച്ചിഴച്ചാലുണ്ടാകുന്ന മുറിവുകളും കെവിന്റെ ശരീരത്തിലുണ്ട്.

ശ്വാസകോശത്തില്‍ വെളളമുണ്ടെങ്കിലും മണല്‍ത്തരിയോ ഇലയോ ഇല്ല. കാറിനുള്ളില്‍ വച്ചുള്ള ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ട കെവിനെ അക്രമികള്‍ വലിച്ചിഴച്ചു പുഴയില്‍ മുക്കികൊന്നതാകാമെന്ന സംശയമാണ് ഇതിലൂടെ ബലപ്പെടുന്നത്. ശരീരത്തിലെയും മുങ്ങിമരിച്ച ജലാശയത്തിലെയും ജലത്തിന്റെ ഘടന കണ്ടെത്തുന്ന ഡയാറ്റം പരിശോധന, ശരീരത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന ആന്തരികാവയവ പരിശോധനാ ഫലവും ലഭിക്കേണ്ടതുണ്ട്.

ഇതിന് ഒരാഴ്ചത്തെ കാലതാമസം നേരിടും അതിനുമുന്‍പ് മരണ കാരണം സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്നതിനാണു വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം അന്വേഷണ സംഘം തേടുന്നത്.