ഇനി ഈ വഴി കണ്ടുപോകരുത്; സിംഹക്കുഞ്ഞിനെ തൂക്കിയെറിഞ്ഞ് കാട്ടുപോത്ത്; വൈറലായി വീഡിയോ

single-img
3 June 2018

നേരെ കണ്ടാല്‍ ഏറ്റുമുട്ടുന്നവരാണ് സിംഹങ്ങളും കാട്ടുപോത്തുകളും. ഇത്തരത്തില്‍ കാട്ടുപോത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്ന് ചെന്ന ഒരു സിംഹക്കുട്ടിയെ പോത്ത് കൊമ്പില്‍ തൂക്കിയെറിയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് സംഭവം നടന്നത്.

വലിയ ഇനം ഓന്തിനെ വേട്ടയാടുന്നതിനിടെയാണ് രണ്ട് സിംഹക്കുട്ടികളും പുറകെ സിംഹകൂട്ടവും പോത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നു ചെന്നത്. ഇതും ശ്രദ്ധിച്ച് നില്‍ക്കുകയായിരുന്നു കാട്ടുപോത്ത്. സിംഹക്കുട്ടികള്‍ അടുത്തെത്തിയതോടെ കാട്ടുപോത്ത് ആക്രമണത്തിന് മുതിര്‍ന്നു.

കാട്ടുപോത്ത് ചീറിയടുക്കുന്നത് കണ്ടതോടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സിംഹക്കുട്ടിയും മറ്റ് മുതിര്‍ന്ന സിംഹങ്ങളും ഓടി രക്ഷപെട്ടു. എന്നാല്‍ ഒരു സിംഹക്കുഞ്ഞ് മാത്രം ആദ്യം ഓടിയില്ല. പക്ഷെ പോത്ത് അടുത്തെത്തിയതോടെ സിംഹക്കുട്ടി ഓടാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കാട്ടുപോത്ത് സിംഹക്കുട്ടിയെ ചവിട്ടി വീഴ്ത്തി കൊമ്പില്‍ ചുറ്റി വലിച്ചെറിഞ്ഞു. ഏതാനും മീറ്ററുകള്‍ അകലെയാണ് സിംഹക്കുട്ടി പോയി വീണത്. ഇതിനിടെ സിംഹക്കുട്ടിയുടെ വായിലുണ്ടായിരുന്ന ഓന്തും തെറിച്ചു പോയി. കിട്ടിയ അവസരം നോക്കി സിംഹക്കുട്ടി ജീവനും കൊണ്ട് മറ്റ് സിംഹങ്ങള്‍ക്കൊപ്പം ഓടിപ്പോയി.