ഏഷ്യാകപ്പ് ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; മലേഷ്യ 27 റണ്ണിന് ഓള്‍ഔട്ട്

single-img
3 June 2018

ഏഷ്യാകപ്പ് വനിതാ ട്വന്റി-20യില്‍ ഇന്ത്യയ്‌ക്കെതിരെ മലേഷ്യയ്ക്ക് 142 റണ്‍സിന്റെ നാണം കെട്ട തോല്‍വി. 170 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മലേഷ്യ 27 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ പൂജ വസ്ത്രാക്കര്‍, രണ്ട് വിക്കറ്റ് വീതം നേടിയ അനൂജ പാട്ടില്‍, പൂനം യാദവ് എന്നിവരാണ് മലേഷ്യയെ തകര്‍ത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍ മിഥാലി രാജിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യയുടെ ഇന്നിങ്സ് 13.4 ഓവറില്‍ 27 റണ്ണിന് അവസാനിച്ചു. 69പന്തില്‍ നിന്ന് ഒരു സിക്സറിന്റെയും 13 ഫോറുകളുടെയും പിന്‍ബലത്തില്‍ മിഥാലി 97 റണ്ണെടുത്ത് പുറത്താകാതെ നിന്നു.

23 പന്തില്‍ നിന്ന് 32 എടുത്തു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മിഥാലിക്ക് മികച്ച പിന്തുണ നല്‍കി. മലേഷ്യന്‍ നിരയില്‍ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പത് റണ്ണെടുത്ത സാഷ ആസ്മിയാണ് ടോപ് സ്‌കോറര്‍.