മധ്യപ്രദേശിലും ഹാത്തും ഹാത്തിയും ചേരുന്നു;കോണ്‍ഗ്രസുമായുള്ള സഖ്യത്തിനു മായാവതിക്കും യോജിപ്പ്

single-img
2 June 2018

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യത്തിനുള്ള ഒരുക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ ആദ്യഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസുമായുള്ള സഖ്യത്തോട് മായാവതിക്കും യോജിപ്പുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നത്.

മധ്യപ്രദേശിൽ 37 ശതമാനത്തോളമാണു കോൺഗ്രസ് വോട്ട് ഷെയർ.7 ശതമാനത്തോളം വോട്ടുകൾ ബി എസ് പിക്ക് സംസ്ഥാനത്തുണ്ട്. കോൺഗ്രസും ബി.എസ്.പിയും ചേര്‍ന്നാല്‍ പ്രതിപക്ഷ കക്ഷികൾക്ക് വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ കഴിയുമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്നുമാണു കണക്കാക്കുന്നത്.

മധ്യപ്രദേശില്‍ മാത്രമല്ല രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന്റെ ഹാത്തും ബി.എസ്.പിയുടെ ഹാത്തിയും ചേരാനാണു ബി.എസ്.പിയുടെ താല്‍പര്യമെന്ന് റിപ്പോർട്ടുകളുണ്ട്.കോണ്‍ഗ്രസ് സഖ്യത്തില്‍ താല്‍പര്യം അറിയിച്ച് കഴിഞ്ഞദിവസം ആര്‍.എല്‍.ഡിയും അഭിപ്രായ പ്രകടനം നടത്തിയിരുന്നു.