പാർട്ടി മുഖപത്രത്തിൽ വന്ന ലേഖനം പാർട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസ്;മുഖപ്രസംഗം വന്നതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കും

single-img
2 June 2018

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ച് വീക്ഷണം ദിനപത്രത്തിൽ വന്ന ലേഖനം പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മുഖപ്രസംഗം വന്നതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഹസൻ വ്യക്തമാക്കി.

ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകൊടനും നേതൃസ്ഥാനത്തെത്തുന്നതിനാലാണ്‌ കോണ്‍ഗ്രസ് പരാജയപ്പെടുന്നതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു.

ചെങ്ങന്നൂരിലെ അവസരം പാർട്ടി കളഞ്ഞു കുളിച്ചെന്നാണ് പ്രധാന വിമർശനം. കോൺഗ്രസ് പാർ‌ട്ടിയും അതിന്‍റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിലാണുള്ളതെന്നും പാർട്ടിയിലെ നേതാക്കൾക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും “വീക്ഷണം’ തുറന്നടിച്ചു.

നേതാക്കള്‍ക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാര്‍ട്ടിയുടെ മുന്‍നിരയിലെന്നുള്ള രൂക്ഷ വിമര്‍ശനവും മുഖപ്രസംഗത്തിലുണ്ട്. ബൂത്ത്തലം മുതല്‍ കര്‍മശേഷിയുള്ള നേതാക്കളെയും അണികളെയും കണ്ടെത്താത്തിടത്തോളം കേരളത്തിലെ കോണ്‍ഗ്രസിന് ശ്രേയസുണ്ടാവില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. രാഷ്ട്രീയമായ പ്രതിബദ്ധതയും കാലികമായ സാക്ഷരതയും വിപ്ലവ വീര്യമുള്ള തലമുറയിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വം കൈമാറണമെന്നും നേതൃത്വത്തിലിരുന്ന് ജൂബിലികള്‍ ആഘോഷിച്ച നേതാക്കള്‍ പുതു തലമുറയുടെ ഉപദേശികളും മാര്‍ഗദര്‍ശികളുമാകണമെന്നും നിര്‍ദ്ദേശമുണ്ട്.