ഐപിഎല്‍ വാതുവെപ്പ്:കുറ്റമേറ്റ് അര്‍ബാസ് ഖാന്‍; അഞ്ചു വര്‍ഷമായി ഐ.പി.എല്‍ വാതുവെപ്പില്‍ സജീവമെന്ന് സല്‍മാന്‍ ഖാന്റെ സഹോദരൻ

single-img
2 June 2018

മുംബൈ: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു. അര്‍ബാസ് ഖാനെ ചോദ്യം ചെയ്യാനായി താനെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. 2.75 കോടി നഷ്ടമായെന്നും ചോദ്യം ചെയ്യലില്‍ അര്‍ബാസ് ഖാന്‍ സമ്മതിച്ചു.

മുംബൈയില്‍ ഇന്നലെ പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ പോലീസ് ചോദ്യം ചെയ്തത്. ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലന്‍ എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് അര്‍ബാസിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.

മറ്റൊരു നടനായ വിന്ധു ധാരാ സിങ്ങും സോനു ജലനുമായി ബന്ധപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു. ഒപ്പം അന്ധേരിയില്‍ നിന്നുള്ള വാതുവെപ്പുകാരന്‍ പ്രേം തനേജയുമായും ഇവര്‍ രണ്ടു പേര്‍ക്കും ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മുംബൈ ഇന്ത്യന്‍സും പഞ്ചാബും തമ്മിലുള്ള മത്സരത്തിലാണ് വാതുവെപ്പ് നടന്നത്. അര്‍ബാസിനെ കൂടാതെ മറ്റു ചില ഉന്നതരുടെ പേരുകള്‍ സോനു വെളിപ്പെടുത്തിയതായും ഉടന്‍ നടപടികള്‍ ഉണ്ടാകുമെന്നും കേസന്വേഷിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മുന്‍പും സോനു പോലീസ് പിടിയിലായിട്ടുണ്ട്. അന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നു ആരോപണം ഉയര്‍ന്നിരുന്നു.