കെവിന്‍ വധം: പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികളുടെ “ദൃശ്യം മോഡൽ” പദ്ധതി;പൊലീസ് അന്വേഷണത്തില്‍ പ്രതികളുടെ നീക്കം പാളിയതോടെ പിടി വീണു

single-img
2 June 2018

കോട്ടയം: കെവിന്‍ കേസ് പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാന്‍ പ്രതികളുടെ “ദൃശ്യം മോഡൽ” പദ്ധതി. പ്രതികളുടെ ഫോണുകള്‍ ആന്ധ്രയിലേക്കുള്ള ചരക്കുവാഹനത്തില്‍ കയറ്റിവിട്ടു. പൊലീസിന്റെ അന്വേഷണത്തില്‍ പ്രതികളുടെ നീക്കം പാളിയതോടെയാണ് പിടി വീണത്.”ദൃശ്യം” സിനിമയിൽ പോലീസ് അന്വേഷണത്തിൽ നിന്ന് രക്ഷപെടാനായി മോഹൻ ലാൽ അവതരിപ്പിച്ച കഥാപാത്രം മൊബൈൽ ഫോൺ ചരക്കുവാഹനത്തില്‍ കയറ്റിവിടുന്നതായി ചിത്രീകരിച്ചിരുന്നു.

കഴിഞ്ഞ ദിവസം അഞ്ചു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ കീഴടങ്ങിയപ്പോള്‍ റമീസ്, ഫസല്‍ എന്നിവരെ പുനലൂരില്‍ നിന്നു പൊലീസ് പിടികൂടുകയായിരുന്നു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ പാലക്കാട് പുതുനഗരം പൊലീസിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്.

കേസിലെ പ്രധാന പ്രതികളായ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരെ കോടതിയില്‍ ഹാജരാക്കിയശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

അതേസമയം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ വിവരം എസ്പിയെ അറിയിക്കുന്നതില്‍ സ്‌പെഷല്‍ബ്രാഞ്ചിന് വീഴ്ച്ചപറ്റിയതായി വിവരം.രണ്ടുപേരെ തട്ടിക്കൊണ്ടുപോയത് സ്‌പെഷല്‍ബ്രാഞ്ച് അറിഞ്ഞത് ഞായറാഴ്ച്ച ഉച്ചയ്ക്കാണ്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ സ്‌പെഷല്‍ബ്രാഞ്ച് മറച്ചുവെച്ചു.

കുടുംബപ്രശ്‌നം എന്ന നിലയില്‍ ലഘൂകരിച്ച് റിപ്പോര്‍ട്ട് നല്‍കി. ഒരാള്‍ രക്ഷപ്പെട്ടോടിയെന്നും സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയെ ധരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്പി മുഖ്യമന്ത്രിയെ വിവരം അറിയിച്ചത്.