നിപ്പാ വൈറസ് ബാധ: കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി;പിഎസ് സി അഭിമുഖങ്ങളും മാറ്റി

single-img
2 June 2018

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 12നു ശേഷം സ്കൂളുകൾ തുറന്നാൽ മതിയെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ പൊതുപരിപാടികൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

നിപ്പാ വൈറസ് ബാധയുടെ സാഹചര്യത്തിൽ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂകളും മാറ്റിവെച്ചു.മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പിലെ എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെ എല്ലാ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവാണ് ജൂലൈ മാസത്തിലേക്ക് മാറ്റിയത്.

ഈ മാസം ആറ്, ഏഴ്, എട്ട്, 12, 13 തീയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂവാണ് മാറ്റിയത്. ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളിലായി കോഴിക്കോട് മേഖല ഓഫീസില്‍ നടത്താനിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ ഇന്റര്‍വ്യൂവും ജൂലൈ മാസത്തിലേക്ക് മാറ്റി.

ഈ തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂണ്‍ 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസിലും നടത്താനിരുന്ന കാസര്‍ഗോഡ് ജില്ലാ എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ ഇന്റര്‍വ്യൂ അതേ തീയതികളില്‍ കാസര്‍ഗോഡ് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ വെച്ച്‌ നടത്തും.

അതേസമയം നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി രണ്ടായിരത്തോളം പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.നിലവില്‍ 18 പേരിലാണ് നിപ ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈറസിനെ പ്രതിരോധിക്കാന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.