സ്‌കൂളിലെ ഡെസ്‌കിന് അടിയിൽ പാമ്പ്;പ്രവേശനോത്സവത്തിനിടെ പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

single-img
2 June 2018

കോന്നി : പ്രവേശനോത്സവത്തിനിടെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി വാഴമുട്ടം ഈസ്റ്റ് പുതുപ്പറമ്പിൽ വടക്കേതിൽ ബിജു – ബിൻസി ദമ്പതികളുടെ മകൻ ബിജിലി (13) നാണ് കടിയേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം.

വാരിമൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട ചെറിയ പാമ്പാണ് ബിജിലിനെ കടിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയതാണ് ബിജില്‍. മാതാപിതാക്കൾക്കൊപ്പം സ്കൂളിൽ എത്തിയ കുട്ടികളെ പ്രവേശനോത്സവത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി ക്ലാസ് മുറികളിൽ ഇരുത്തി. തുടർന്ന് ബിജിലിനെയും സഹപാഠികളെയും എട്ടാം ക്ളാസിൽ നിന്ന് ഒൻപതാം ക്ളാസിലേക്ക് മാറ്റിയിരുത്തി.

ഇതിനിടെയാണു പാമ്പ് ബിജിലിനെ കടിച്ചത്. ഭയന്നുപോയ ബിജിൽ ക്ളാസ് മുറിയിൽ കുഴഞ്ഞുവീണു. പാമ്പിനെ കണ്ടതോടെ കുട്ടികൾ ചിതറി ഓടി. ബിജിലിനെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകട നില തരണം ചെയ്തതായും ബിജിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറയിച്ചു.