ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പട

single-img
1 June 2018

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്സഹായനാണെന്ന് പരാമര്‍ശിക്കുന്ന കവിതയുമായി ബിജെപി എംഎല്‍എ രംഗത്ത്. ഹര്‍ദോയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശ്യാം പ്രകാശാണ് യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്.

”ഗോരഖ്പൂരിനും ഫല്‍പൂരിനും ശേഷം കൈരാനയിലും നൂര്‍പൂരിലും നമ്മള്‍ തോറ്റു, വിഷമിച്ചു. മോദി തരംഗത്തിന്റെ സഹായത്തോടെ നിങ്ങള്‍ അധികാരം നേടി. പക്ഷേ ജനങ്ങളുടെ ഹൃദയത്തില്‍ ഇടംനേടാനായില്ല. കാരണം നിങ്ങളുടെ കടിഞ്ഞാണ്‍ സംഘപരിവാറിന്റെ കൈകളിലാണ്.

മുഖ്യമന്ത്രിയാണെങ്കിലും നിങ്ങള്‍ നിസഹായനാണ്. ഉദ്യോഗസ്ഥരൊക്കെ അഴിമതിക്കാരായി. പൊതുജനങ്ങളും സാമാജികരും നിരാശരാണ്. സര്‍ക്കാര്‍ പാളംതെറ്റി കഴിഞ്ഞു. ഭരണം പരാജയപ്പെട്ടു.” ശ്യാം പ്രകാശ് പറഞ്ഞു.

കവിത വിവാദമായതോടെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് എംഎല്‍എ പ്രതികരിച്ചു. കൈരാന ലോക്‌സഭാ സീറ്റ്, നൂപുര്‍ നിയമസഭാ സീറ്റ് എന്നിവയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്.