പത്രപ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരത കാലത്ത്; അന്നും ലൈവ് റിപ്പോര്‍ട്ടിംഗ് ഉണ്ടായിരുന്നു; നാരദന്‍ മികച്ച റിപ്പോര്‍ട്ടര്‍: മണ്ടത്തരങ്ങളുമായി യു.പി ഉപമുഖ്യമന്ത്രി

single-img
1 June 2018

മഹാഭാരത കാലത്ത് ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചിരുന്നതായി ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദന്‍ മികച്ച റിപ്പോര്‍ട്ടറാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി ജേണലിസം ദിനത്തോട് സംബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശം.

കുരുക്ഷേത്രയുദ്ധവിവരം തത്സമയം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രരെ അറിയിച്ചത് തേരാളിയായിരുന്ന സഞ്ജയനാണ്. അത് ‘തത്സമയ വാര്‍ത്താ സംപ്രേഷണ’മാണ്. അങ്ങനെയല്ല എങ്കില്‍, പിന്നെയെന്താണ് ‘ലൈവ് ടെലികാസ്റ്റ്’ എന്നാണ് മന്ത്രിയുടെ ചോദ്യം.

അന്ധനായ ധൃതരാഷ്ടര്‍ കൊട്ടാരത്തിലിരുന്ന് യുദ്ധവിവരങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞത് ശാസ്ത്രത്തിന്റെ വിജയമാണെന്നും സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതു സാധിച്ചതെന്നും ദിനേഷ് ശര്‍മ പറയുന്നു. നാരദമഹര്‍ഷിയെയും മാധ്യമപ്രവര്‍ത്തകനായിട്ടാണ് ശര്‍മ കാണുന്നത്.

‘നിങ്ങളുടെ’ ഗൂഗിള്‍ മെസഞ്ചര്‍ സംവിധാനം ഇപ്പോഴാണ് കണ്ടെത്തിയതെങ്കില്‍ ‘ഞങ്ങളുടെ’ മെസഞ്ചര്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ നാരദന്റെ രൂപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ശര്‍മയുടെ വാദം. എല്ലായിടത്തും ചെല്ലുകയും മറ്റുള്ളവരിലേക്ക് സന്ദേശമെത്തിക്കുകയും ചെയ്യുന്ന നാരദന്റെ സേവനം മാധ്യമപ്രവര്‍ത്തകന്റേതു തന്നെയാണെന്നും ശര്‍മ പറഞ്ഞു.

ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും മഹാഭാരതകാലം തൊട്ടേ ഉണ്ടായിരുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് അടുത്തിടെ പറഞ്ഞിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും നാരദനെ ഗൂഗിളുമായി താരതമ്യം ചെയ്തിരുന്നു.

ദിവ്യദൃഷ്ടി, പുഷ്പകരഥം തുടങ്ങിയവയുടെ സഹായത്തോടെയാണ് അന്ധനായ ധൃതരാഷ്ട്രര്‍ കൊട്ടാരത്തിലിരുന്ന് കുരുക്ഷേത്രയുദ്ധ കാര്യങ്ങള്‍ അറിഞ്ഞതെന്ന് വിശ്വസിക്കാനാവില്ലെന്നും മറ്റെന്തെങ്കിലും സാങ്കേതികവിദ്യയോ ഉപകരണമോ അതിനു പിന്നിലുണ്ടാകുമെന്നുമുള്ള ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ ‘കണ്ടെത്തലും’ അടുത്തിടെ ഉണ്ടായിരുന്നു.