നിപ ഭീതിയൊഴിയുന്നില്ല; നിരീക്ഷണത്തിലുള്ളത് 1450 പേര്‍: രണ്ടാംഘട്ടത്തില്‍ ആശങ്കവേണ്ട, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

single-img
1 June 2018

തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ ഒന്നാം ഘട്ടം നല്ലരീതിയില്‍ തന്നെ ആരോഗ്യവകുപ്പ് നേരിട്ടതുകൊണ്ടാണ് ആളുകള്‍ മരിക്കുന്ന അവസ്ഥയും രോഗവ്യാപനവും കുറയ്ക്കാന്‍ സാധിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

രണ്ടാമത്തെ മരണത്തോടുകൂടി തന്നെ നിപ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ രീതിയില്‍ മുന്‍കരുതലെടുക്കാന്‍ കഴിഞ്ഞു. ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികള്‍ക്ക് നിരവധിപേരുമായി സമ്പര്‍ക്കമുണ്ടായിരുന്നു.

അതിനാല്‍ രോഗം കൂടുതല്‍ ആളുകളിലേക്ക് എത്തിയോ എന്നറിയാന്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിയുന്നതുവരെ കാത്തിരിക്കണമായിരുന്നു. ജൂണ്‍ അഞ്ചിന് ഈ സമയം അവസാനിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ഈ സമയമത്രയും ആളുകള്‍ നിരീക്ഷണത്തിലായിരുന്നു.

ഇതിനിടയിലാണ് ആദ്യത്തെ ആളുകളുമായി സമ്പര്‍ക്കമുണ്ടായിരുന്ന ചിലര്‍ക്ക് നിപ സ്ഥിരീകരിച്ചതും രണ്ട് മരണം സംഭവിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ രണ്ടാമത്തെ ഘട്ടത്തില്‍ രോഗം എത്രത്തോളം വ്യാപിക്കും എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു.

അതിനാല്‍ നിപയെ പ്രതിരോധിക്കാനായി ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ അതേപടി തുടരാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. പുതിയ നിപ ബാധ സ്ഥിരീകരിച്ചതിനാല്‍ ഇവരുമായി ബന്ധപ്പെട്ടവരെ തിരിച്ചറിയേണ്ടി വന്നിരിക്കുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഏതെങ്കിലും തരത്തില്‍ ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക തന്നെ വേണമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തില്‍ സംശയമുള്ളവര്‍ അക്കാര്യം ആരോഗ്യവകുപ്പ് അധികൃതറെ അറിയിക്കുകയും വേണം. അത് അവരുടെയും മറ്റുള്ളവരുടെയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

അതിനിടെ നിപ സ്ഥിരീകരിച്ച് സംസ്ഥാനത്ത് ഇതുവരെയായി 17 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആകെ 12 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ല്‍ അധികം പേരുടെ പട്ടികയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

നിപ ബാധിച്ച് മരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ള മുഴുവന്‍ ആളുകളോടും പൊതു ഇടങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. നിപ ബാധിച്ച് മരിച്ചവര്‍ ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലോ, ബാലുശേരി താലൂക്ക് ആശുപത്രിയിരുന്നവര്‍ നിപ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 150 ഓളം ആളുകള്‍ ഹെല്‍പ്പ് സെന്ററില്‍ വിവരം നല്‍കിയിട്ടുണ്ട്.

കോടതി സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാ കോടതി 10 ദിവസം അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജില്ലാ കോടതി സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍ നിപ്പ ബാധിച്ച് മരിച്ചതോടെയാണ് കോടതി അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടിയായി കോടതി അടച്ചിടണമെന്ന റിപ്പോര്‍ട്ട് കലക്ടര്‍ നല്‍കിയത്.