മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തിനിടെ നടന്നത് 27 ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് ജയിക്കാനായത് അഞ്ചിടത്ത് മാത്രം

single-img
1 June 2018


ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ 2014ലെ വിജയം ആവര്‍ത്തിക്കാമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പിയെ ഭയപ്പെടുത്തന്നതാണ് കഴിഞ്ഞ നാല് വര്‍ഷത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. 2014 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ 23 ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 5 സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.

അഞ്ച് സീറ്റുകളാണ് കോണ്‍ഗ്രസും നേടിയത്. തൃണമൂലിന് നാല് സീറ്റാണുള്ളത്. എസ്.പി മൂന്ന് സീറ്റും ടി.ആര്‍.എസ്. രണ്ടും എന്‍.പി.പി, എന്‍.സി., മുസ്ലീം ലീഗ്, ആര്‍.ജെ.ഡി, എന്‍.ഡി.പി.പി, ആര്‍.എല്‍.ഡി, എന്‍.സി.പി. എന്നിവര്‍ ഓരോ സീറ്റീലും വിജയിച്ചു.

2014 മുതല്‍ ഉപതിരഞ്ഞെടുപ്പു നടന്ന 27 സീറ്റുകളില്‍ 11 എണ്ണം ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായിരുന്നു. ഇതില്‍ ആറും അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ 2014ലും 2016ലുമായി രണ്ട് വീതം സീറ്റുകള്‍ അവര്‍ നേടി. 2018 ല്‍ ഒന്ന് നിലനിര്‍ത്തി.

2014ല്‍ അഞ്ച് ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പൊതു തിരഞ്ഞെടുപ്പ് വിജയിച്ച പാര്‍ട്ടികള്‍ തന്നെ സീറ്റുകള്‍ നിലനിര്‍ത്തി. 2015ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ രത്‌ലം മണ്ഡലം അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ 2016 കുറച്ചുകൂടി ഭേദപ്പെട്ട വര്‍ഷമായിരുന്നു. അസാമിലെ ലക്ഷിംപുര്‍, മധപ്രദേശിലെ സഹ്‌ഡോല്‍ എന്നിവിടങ്ങളില്‍ വിജയിക്കാനായി. മേഘാലയില്‍ സഖ്യകക്ഷിയായ എന്‍.പി.പിയും വിജയിച്ചു.

2017ല്‍ ബി.ജെ.പിക്ക് പഞ്ചാബിലെ ഗുരുദാസ്പുര്‍ മണ്ഡലം നഷ്ടപ്പെട്ടു. ശ്രീനഗര്‍ സഖ്യകക്ഷിയായ പി.ഡി.പിക്കും നഷ്ടപ്പെട്ടു. 2018ലും കനത്ത നഷ്ടമാണ് ബി.ജെ.പിക്ക് ഉണ്ടായത്. രാജസ്ഥാനിലെ അജ്മീര്‍, അല്‍വാര്‍ മണ്ഡലങ്ങള്‍ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പുരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഫൂല്‍പുരും നഷ്ടമാകുകയും ചെയ്തു. കേരളത്തില്‍ മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു.

അവസാനം മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സീറ്റ് നിലനിര്‍ത്തി. നാഗാലാന്‍ഡില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ എന്‍.ഡി.പി.പിയാണ് എന്‍.പി.എഫിന്റെ കൈയിലുണ്ടായിരുന്ന സീറ്റ് പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശിലെ കൈറാനയില്‍ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയായിരുന്ന തബസും ബീഗമാണ് വിജയിച്ചത്. ഇതോടെ അവര്‍ ഈ സര്‍ക്കാരിന്റെ കാലത്ത് യു.പിയില്‍ നിന്നുള്ള ആദ്യത്തെ മുസ്ലീം എം.പിയായി. മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയയില്‍ എന്‍.സി.പിയും വിജയിച്ചു.