എത്രയും പെട്ടെന്ന് സംസ്ഥാനം വിടണം: മിസോറാമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം

single-img
1 June 2018

ഗുവാഹാത്തി: കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ പ്രതിഷേധം ശക്തമാകുന്നു. കുമ്മനം തീവ്രഹിന്ദുത്വവാദിയാണെന്നാരോപിച്ചാണ് പ്രതിഷേധം.

പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) ആണ് കുമ്മനത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മതേതരത്വ വിരുദ്ധ നിലപാടുള്ള ആളാണ് കുമ്മനമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ആര്‍.എസ്.എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും കടുത്ത പ്രചാരകനും പ്രവര്‍ത്തകനുമായ കുമ്മനം മിസോറാം ഗവര്‍ണറാകുന്നു എന്നത് തങ്ങളെ ആശങ്കാകുലരാക്കുന്നവെന്നും പ്രിസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നിലയ്ക്കലില്‍ 1983 ല്‍ നടന്ന ഹിന്ദുക്രിസ്ത്യന്‍ സംഘര്‍ഷത്തില്‍ പങ്കുള്ളയാളാണ് കുമ്മനമെന്നും പ്രിസം ആരോപിച്ചു. പ്രിസം പ്രസിഡണ്ട് വന്‍ലാല്രുവാത്തയും ജനറല്‍ സെക്രട്ടറി ലാല്രാനിന്‍സുവാലയും സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലാണ് കുമ്മനത്തെ ഗവര്‍ണറായി തുടരാന്‍ അനുവദിക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ മിസോറാമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വരികയും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തിരുന്നു. ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ താന്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും ഇവിടുത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുമെന്നും കുമ്മനം പറഞ്ഞിരുന്നു.