കോഴിക്കോട് മെഡിക്കല്‍ കോളേജും ബാലുശ്ശേരി ആശുപത്രിയും സന്ദര്‍ശിച്ചവര്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് മുന്നറിയിപ്പ്: ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കി

single-img
1 June 2018

കോഴിക്കോട്: രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണമുണ്ടായ സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. മേയ് അഞ്ചിന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്‌കാന്‍ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും 14ന് രാത്രി ഏഴുമുതല്‍ ഒമ്പതുവരെയും 18, 19 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടുവരെയും ബാലുശ്ശേരി ഗവ. ആശുപത്രിയിലും പോയവര്‍ സ്‌റ്റേറ്റ് നിപ സെല്ലില്‍ വിളിച്ചറിയിക്കണം. 0495 2381000 എന്ന ഫോണ്‍ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഈ ദിവസങ്ങളില്‍ മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയില്‍ അഖില്‍, കോട്ടൂര്‍ പൂനത്ത് നെല്ലിയുള്ളതില്‍ റസിന്‍ എന്നിവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണില്‍ ബന്ധപ്പെടണം.

അതിനിടെ ബാലുശേരി ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും അവധിയെടുക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.