കെവിന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്: മുന്‍ കോട്ടയം എസ്.പി പ്രതി ഷാനു ചാക്കോയുടെ ഉറ്റ ബന്ധു

single-img
1 June 2018

കോട്ടയം: കെവിന്‍ വധക്കേസിലെ മുഖ്യ പ്രതി ഷാനു ചാക്കോയുടെ അമ്മ രഹ്നയുടെ അടുത്ത ബന്ധുവാണ് കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് എന്ന് കേസില്‍ അറസ്റ്റിലായ എഎസ്‌ഐയുടെ ആരോപണം. ഗാന്ധിനഗര്‍ എഎസ്‌ഐ ആയിരുന്ന ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.

കെവിനെ തട്ടിക്കൊണ്ടുപോയവരെ സഹായിച്ചെന്ന പേരിലാണ് എഎസ്‌ഐ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഡ്രൈവര്‍ അജയകുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ള ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റുക മാത്രം ചെയ്ത് തങ്ങളെ കുടുക്കുകയായിരുന്നെന്ന പരാതിയാണ് ബിജുവിന് വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

മരിച്ച കെവിന്റെ ഭാര്യ നീനുവിന്റെ അമ്മയുടെ ബന്ധുവാണ് സംഭവം നടക്കുമ്പോള്‍ കോട്ടയം എസ് പിയായിരുന്ന മുഹമ്മദ് റഫീഖ്. നീനുവിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതി. അതുകൊണ്ട് തന്നെ എസ്പിക്ക് കേസില്‍ നേരിട്ട് ബന്ധമുണ്ടായിരിക്കാം എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചത്.

കോട്ടയത്തെ വീട്ടില്‍ നിന്നും കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റഫീഖിനെതിരെ ആരോപണവുമായി എ.എസ്.ഐ രംഗത്തെത്തിയിരിക്കുന്നത്.

കോട്ടയത്ത് പരിപാടി നടക്കുന്നതിനിടെ കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞ മുഖ്യമന്ത്രി ഉടന്‍ തന്നെ കോട്ടയം എസ്.പിയെ കോട്ടയം ടി.ബിയിലേക്ക് വിളിച്ച് വരുത്തി കെവിനെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.

സംഭവത്തില്‍ കോട്ടയം ഡി.വൈ.എസ്.പി അന്വേഷണം നടത്തുന്നുണ്ടെന്നാണ് എസ്.പി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. എന്നാല്‍ ഇതിന് ശേഷം മാത്രമാണ് അന്വേഷണ ചുമതല ഡി.വൈ.എസ്.പിയെ ഏല്‍പ്പിച്ചത്. റഫീഖിന്റെ ഈ നിലപാട് പ്രതികളെ സഹായിക്കാനായിരുന്നെന്ന് സംശയവുമുണ്ട്. ഈ സാഹചര്യത്തില്‍ എ.എസ്.ഐയുടെ ആരോപണം റഫീഖിനെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുകയാണ്. മയ് 28ന് കെവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മുഹമ്മദ് റഫീഖിനെ ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കിയിരുന്നു.

അതിനിടെ, കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ മൊഴിയെടുക്കും. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം വ്യക്തിപരമായ കാരണത്താലാണ്. ക്വട്ടേഷന്‍ സംഘത്തിന്റെ പങ്കു കണ്ടെത്താനായിട്ടില്ല. മാത്രമല്ല, കെവിനെ കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചിരുന്നുവെന്നും ഐജി വ്യക്തമാക്കി.