അകാലത്തില്‍ ഭര്‍ത്താവിന്റെ മരണം; മൂന്ന് മക്കളെ വളര്‍ത്താന്‍ ആദ്യ വനിതാ ‘കൂലി’യായി മഞ്ജുദേവി

single-img
1 June 2018

വിധവയും മൂന്നുമക്കളുടെ അമ്മയുമായ മഞ്ജുദേവി ഇന്ന് അസാധാരണ നേട്ടത്തിനുടമയാണ്. പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി ചെയ്താണ് മഞ്ജുദേവി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നത്. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന ആദ്യത്തെ വനിതയാണ് മഞ്ജു ദേവി.

കൂലി എന്നാണ് പോര്‍ട്ടര്‍ അറിയപ്പെടുക. കഠിനമേറിയ പോര്‍ട്ടര്‍ ജോലി പുരുഷന്‍മാര്‍ക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്നാണ് വര്‍ഷങ്ങളായുള്ള ധാരണ. അതുകൊണ്ട് തന്നെ പോര്‍ട്ടര്‍ എന്ന് പറയുമ്പോള്‍ പുരുഷന്‍മാരുടെ മുഖം മാത്രമാണ് എല്ലാവരുടെയും മനസില്‍ തെളിയുക.

ഭര്‍ത്താവിന്റെ മരണം ജീവിതത്തിലുണ്ടാക്കിയ അനിശ്ചിതത്വമാണ് മഞ്ജുദേവിയെ കൂലിയാക്കി മാറ്റിയത്. ജീവിക്കാന്‍ വക കണ്ടെത്തുന്നതിനും മക്കളെ വളര്‍ത്തുന്നതിനും മറ്റ് മാര്‍ഗമില്ലാതെ വന്നതോടെയാണ് മഞ്ജു ദേവി ഭര്‍ത്താവ് മഹാദേവിന്റെ ജോലി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

ഇതിനായി ഭര്‍ത്താവിന്റെ പോര്‍ട്ടര്‍ ലൈസന്‍സ് നമ്പര്‍ 15 തന്നെ മഞ്ജുവും സ്വന്തമാക്കി. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായിരുന്നു മഞ്ജുവിന്റെ ഭര്‍ത്താവ്. ഹിന്ദിയോ ഇംഗ്ലിഷോ അറിയില്ലെങ്കിലും ജോലി ചെയ്തു പരിചയമില്ലെങ്കിലും മഞ്ജു ദേവി പോര്‍ട്ടര്‍ ജോലി ഏറ്റെടുക്കുകയായിരുന്നു.

തുടക്കത്തില്‍ ബുദ്ധിമുട്ടേറിയതായിരുന്നു ജോലി. ബാഗുകള്‍ പൊക്കിയെടുക്കാന്‍ എനിക്കു കഴിയില്ലെന്നുതന്നെ തോന്നി. ഭാഷ അറിവില്ലാത്തതിന്റെ ബുദ്ധിമുട്ടും. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും മഞ്ജു അതിജീവിച്ചു. സഹപ്രവര്‍ത്തകരായ പുരുഷന്‍മാരില്‍ നിന്ന് നല്ല സഹകരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്നും മഞ്ജു പറയുന്നു.

നിരവധി പേരാണ് മഞ്ജുവിന്റെ ദൃഢനിശ്ചയത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടേതായ മേഖലകളില്‍ അദ്ഭുതകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവരെ ആദരിച്ച് ഈ വര്‍ഷം രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ ചടങ്ങില്‍ മഞ്ജു ദേവിക്കും ക്ഷണമുണ്ടായിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് മഞ്ജു ദേവിയെ അഭിനന്ദിച്ചു.