18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാം; നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി

single-img
1 June 2018

18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി കേരളാ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതി പറഞ്ഞു. ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിയെയും 18കാരനുമായ യുവാവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബാല വിവാഹം നിയമം അനുസരിച്ച് ആണ്‍കുട്ടിക്ക് 21 വയസ്സാവാത്തതിനാല്‍ ഇരുവരുടെയും വിവാഹം സാധുവല്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചു കൊണ്ട് ആവശ്യപ്പെട്ടത്. ‘എന്നാല്‍ പ്രായപൂര്‍ത്തിയായവരുടെ തീരുമാനത്തില്‍ മാറ്റമുണ്ടാകാത്തിടത്തോളം കോടതിക്ക് വൈകാരികമായി ഇടപെടാനാവില്ല.

നിയമത്തിന്റെ പരിരക്ഷയുള്ളിടത്തോളം കോടതിക്ക് സൂപ്പര്‍ഗാര്‍ഡിയനാവാനാവില്ല ‘ എന്നും കോടതി പറഞ്ഞു. ഇരുവര്‍ക്കും നിയമപ്രകാരമുള്ള വിവാഹം കഴിക്കാന്‍ പ്രായമാകുന്ന മുറയ്ക്ക് വിവാഹം കഴിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു.

ഹാദിയാ കേസില്‍ സുപ്രിംകോടതി വിധിയെ ആസ്പദമാക്കിയാണ് കോടതിയുടെ വിധി. സ്‌കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ഇരുവരേയും കണ്ടെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പിന്നീട് ഇരുവരും വീണ്ടും ഒളിച്ചോടി. തുടര്‍ന്നാണ് പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.