തീവ്രവാദികള്‍ നുഴഞ്ഞു കയറിയതായി സംശയം; കശ്മീരിലും ഡല്‍ഹിയിലും ജാഗ്രത

single-img
1 June 2018

ന്യൂഡല്‍ഹി: ഭീകരര്‍ നുഴഞ്ഞുകയറിയതായ വിവരത്തെ തുടര്‍ന്ന് ഡല്‍ഹിയിലും ജമ്മു കാഷ്മീരിലും സുരക്ഷ ശക്തമാക്കി. 12 ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറിയതായാണ് സൂചന. രഹസ്യാന്വേഷണ ഏജന്‍സികളാണ് വിവരം നല്‍കിയത്.

റംസാനോട് അനുബന്ധിച്ച് ഭീകരര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടെന്നും പ്രധാനനഗരങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ പോലീസ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. സംസ്ഥാന അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

റംസാന്‍ പ്രമാണിച്ച് കാശ്മീരില്‍ സൈനിക നടപടികള്‍ ഉണ്ടാവരുതെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.

എന്നാല്‍ ഇതിന് പിന്നാലെ കാശ്മീരിലെ കപ്‌വാരയിലെ ആര്‍മി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്.