ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
31 May 2018

ചെങ്ങന്നൂരില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടിയതിനു പിന്നാലെ ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. രണ്ട് ദിവസം മുമ്പ് വിനു വി ജോണ്‍ ഇട്ട ട്വീറ്റാണ് ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞുകുത്തുന്നത്.

2017 Oct 11 വേങ്ങര ഉപതെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി സോളാര്‍ അന്വേഷണം പ്രഖ്യാപിച്ച് പിണറായി. 2018 May 28 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദുരഭിമാനക്കൊലയിലെ പോലീസ് പങ്കാളിത്തത്തില്‍ പ്രതിക്കൂട്ടിലായി പിണറായി. വേങ്ങരയില്‍ കൊടുത്താല്‍ കോട്ടയത്തൂടെ ചെങ്ങന്നൂരില്‍ കിട്ടും!’

ഇടതുപക്ഷം ചെങ്ങന്നൂരില്‍ തോല്‍ക്കുമെന്നു പറഞ്ഞ ഈ ട്വീറ്റാണ് വിനുവിന് തിരിച്ചടിയായത്. നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. പിണറായിക്കെതിരെ ന്യൂസ് അവറില്‍ വലിയ വിമര്‍ശനമാണ് വിനു കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നത്. ഇതിന്റെ അരിശമാണ് ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ പൊങ്കാലയിട്ട് തീര്‍ക്കുന്നത്.

അതേസമയം ന്യൂസ് റൂമുകളില്‍ പിണറായിയുടെ ചോരയ്ക്ക് ദാഹിച്ചവര്‍ക്കു കേരളത്തിന്റെ മറുപടിയാണ് ചെങ്ങന്നൂരെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം പറഞ്ഞു. ‘ജനം പഴയതു പോലെയല്ല.. കൂടുതല്‍ സുതാര്യമായ ഒരു സമൂഹമാണിത്. ചെങ്ങന്നൂര്‍ ആവര്‍ത്തിച്ചു ഓര്‍മിപ്പിക്കുന്നു. ജനങ്ങള്‍…ജനങ്ങള്‍ മാത്രമാണ് വിധികര്‍ത്താക്കള്‍’ റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തിന് കിട്ടിയ അഭൂതപൂര്‍വ്വമായ ജനപിന്തുണയാണ് തിരഞ്ഞെടുപ്പിലെ മുന്നേറ്റമെന്ന് കെകെ രാഗേഷ് എംപി. ‘മാധ്യമങ്ങളല്ല ന്യായാധിപന്മാര്‍.. ജനങ്ങളാണ്. ജനഹിതത്തിന്റെ അട്ടിപ്പേര്‍ അവകാശപ്പെടുന്ന മാധ്യമ സുഹൃത്തുക്കള്‍ ഒന്നോര്‍ക്കുക എന്തും വിളിച്ചുപറയുവാനുള്ള അധികാരം മാധ്യമങ്ങള്‍ക്കു ആരും തീറെഴുതി കൊടുത്തിട്ടില്ല.

സായാഹ്ന സംവാദങ്ങള്‍ക്ക് കൊഴുപ്പു കൂട്ടുവാനായി ദൃശ്യ മാധ്യമങ്ങള്‍ വസ്തുതകളും ജനഹിതവും വളച്ചൊടിക്കുന്നതൊഴിവാക്കണം’ രാഗേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.