വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ നാളെ തുറക്കും

single-img
31 May 2018

തിരുവനന്തപുരം: രണ്ടു മാസത്തെ അവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും. നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് നീട്ടിയിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസിലെത്തും.

കഴിഞ്ഞ വര്‍ഷം 3,16,023 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. ആറാം പ്രവൃത്തി ദിവസമായ ജൂണ്‍ ഏഴിനായിരിക്കും കുട്ടികളുടെ കണക്ക് ശേഖരിക്കുക. തൊട്ടടുത്ത ദിവസം കുട്ടികളുടെ ഏറ്റക്കുറച്ചില്‍ സംബന്ധിച്ച കണക്കും പുറത്തുവരും.

പാഠപുസ്തകം, യൂണിഫോം വിതരണം സ്‌കൂള്‍ തുറക്കുംമുമ്പ് നടത്താനായത് നേട്ടമായി. പൊതുവിദ്യാലയങ്ങളുടെ മുഖം മാറ്റുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതി 34,500 ക്ലാസ്മുറികളില്‍ പൂര്‍ത്തിയായി. 45,000 ക്ലാസ് മുറികളാണ് ഹൈടെക് ആകുന്നത്.

അധ്യാപനത്തിനായുള്ള സമഗ്ര പോര്‍ട്ടലും ആപും തയാറായിക്കഴിഞ്ഞു. അധ്യാപക പരിശീലനവും ഐ.ടി പരിശീലനവും പൂര്‍ത്തിയായി. കാഴ്ച പരിമിതിയുള്ളവര്‍ക്ക് ബ്രെയില്‍ ലിപിയിലുള്ള പാഠപുസ്തകങ്ങളുടെ അച്ചടി വിതരണവും പൂര്‍ത്തിയായി.

200 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കിയുള്ള വിദ്യാഭ്യാസ കലണ്ടറും തയാറാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകള്‍ക്കും അക്കാദമിക് മാസ്റ്റര്‍പ്ലാനും തയാറാക്കിയിട്ടുണ്ട്. ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, മലയാളത്തിളക്കം തുടങ്ങിയ പഠനപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്‌നവും കുട്ടികള്‍ വര്‍ധിക്കുന്ന സ്‌കൂളുകളില്‍ മതിയായ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്തതും പ്രശ്‌നമാണ്.