ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം: യുഡിഎഫിനെയും ബിജെപിയെയും ഞെട്ടിച്ചുകൊണ്ട് സജി ചെറിയാന്റെ മുന്നേറ്റം

single-img
31 May 2018

ചെങ്ങന്നൂരില്‍ ആദ്യറൗണ്ടില്‍ വ്യക്തമായ മേധാവിത്വം പ്രകടമാക്കി ഇടതുസ്ഥാനാര്‍ഥി സജി ചെറിയാന്‍ മുന്നില്‍. യുഡിഎഫ് മേധാവിത്വം പുലര്‍ത്തുമെന്ന് പ്രതീക്ഷിച്ച മാന്നാറിലെ വോട്ടെണ്ണല്‍ പൂര്‍ണമായപ്പോള്‍ ഇടതുമുന്നണി മുന്നില്‍.

യുഡിഎഫ് അനുകൂലമെന്ന് വിലയിരുത്തുന്ന മേഖലയിലാണ് എല്‍ഡിഎഫ് ലീഡ് എന്നത് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പരത്തി. അവസാന വിവരം പുറത്തുവരുമ്പോള്‍ 4000 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെത്തിയത്.

തപാല്‍ വോട്ടുകളിലെ അനിശ്ചിതത്വം മൂലം ഫലം പുറത്തുവിട്ടിട്ടില്ല. മാന്നാറിലെ എല്ലാ ബൂത്തുകളിലും ലീഡെന്ന് സജി ചെറിയാന്‍ അവകാശപ്പെട്ടു. ഇതില്‍ എട്ടു ബൂത്തുകള്‍ പരമ്പരാഗത യുഡിഎഫ് ശക്തികേന്ദ്രങ്ങളെന്നും സജി ചെറിയാന്‍ പറഞ്ഞു.

ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായ ലീഡ് നേടാന്‍ സജി ചെറിയാന് കഴിഞ്ഞതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം തുടങ്ങിയത്.

വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൂട്ടമായി സ്ഥലത്ത് തമ്പടിച്ചിരുന്നു. എന്നാല്‍ യുഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രവര്‍ത്തകര്‍ സ്ഥലത്തില്ല എന്നതും ശ്രദ്ധേയമാണ്.