സജി ചെറിയാന്‍ കഴിഞ്ഞ 30 വര്‍ഷത്തെ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്ക്

single-img
31 May 2018

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

കഴിഞ്ഞ 30 വര്‍ഷത്തെ എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് സജി ചെറിയാന്‍ നടന്നടുക്കുന്നത്. തന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് വിജയമെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. ഇത്രയും ജനങ്ങള്‍ക്ക് എന്നെ ഇഷ്ടമാണെന്നു കരുതിയിരുന്നില്ല.

എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും ക്രിസ്ത്യന്‍ സഭകളുടെയും വോട്ടുകള്‍ തനിക്കു ലഭിച്ചു. പിണറായി വിജന്‍ സര്‍ക്കാരിനുള്ള അംഗീകാരമാണിത്. ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തണമെന്നും പരിധിവിടരുതെന്നും സജി ചെറിയാന്‍ ആവശ്യപ്പെട്ടു.

ആദ്യ ഫല സൂചനകള്‍ ലഭ്യമായപ്പോള്‍ തന്നെ എല്‍ഡിഎഫ് വ്യക്തമായ മുന്നേറ്റം ആരംഭിച്ചിരുന്നു. യുഡിഎഫ് ശക്തി കേന്ദ്രമായ മാന്നാര്‍ പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യം എണ്ണിയത്. ഇതില്‍ എല്‍ഡിഎഫ് ലീഡ് നേടിയതോടെ ചെങ്ങന്നൂരില്‍ ഇടതു തരംഗമാണെന്ന സൂചന വ്യക്തമായി.

പഞ്ചായത്തിലെ 14 ബൂത്തുകളില്‍ 13ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലീഡ് നേടി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 1,532 വോട്ടിന്റെ ലീഡാണ് എല്‍ഡിഎഫിനുണ്ടായത്. തുടര്‍ന്ന് പാണ്ടനാട്, തിരുവനന്‍വണ്ടൂര്‍ പഞ്ചായത്തുകളിലെ ബൂത്തുകള്‍ എണ്ണിയപ്പോഴും സ്ഥിതി വ്യത്യസ്തമായില്ല.

മാന്നാറിലെ വ്യക്തമായ ലീഡ് തുടര്‍ന്നുള്ള പഞ്ചായത്തുകളിലും സജി ചെറിയാന്‍ തുടര്‍ന്നു. ബിജെപി ശക്തി കേന്ദ്രമായ തിരുവനന്‍വണ്ടൂരില്‍ സജി ചെറിയാന്‍ ലീഡ് കരസ്ഥമാക്കിയതോടെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗമെന്നത് വ്യക്തമായി.

അതേസമയം, ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഒരുമിച്ചെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസിനു വീഴ്ച പറ്റി. താഴേത്തട്ടില്‍ പ്രതിരോധിക്കാന്‍ ആളുണ്ടായില്ല. വീഴ്ചയുടെ കാരണം പാര്‍ട്ടി നേതൃത്വം ആലോചിക്കണമെന്നും തോല്‍വി സമ്മതിച്ച് വിജയകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് വോട്ടു മറിച്ചെന്ന് ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയും ആരോപിച്ചു. മാന്നാര്‍ അതിന്റെ സൂചനയാണ്. വോട്ട് പര്‍ച്ചേസ് ചെയ്തു. ധനധാരാളിത്തം എല്‍ഡിഎഫിന്റെ മുഖമുദ്രയെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.